കൊല്ലം: പുറ്രിങ്ങൽ ക്ഷേത്ര മൈതാനത്തെ വിശാലമായ വേദിയിലേക്ക് നിറചിരിയോടെ നടന്നെത്തിയ കേന്ദ്രമന്ത്രിയെ കണ്ട് തടിച്ചുകൂടിയവർ ഒന്നടങ്കം ആർത്തിരമ്പി വിളിച്ചു, ജയ് ജയ് അമിത് ഷാ... ആഭ്യന്തര മന്ത്രിപദത്തിന്റെ താരജാഡകളില്ലാതെ അമിത് ഷാ ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിനെ അടുത്തേക്ക് വിളിച്ചു. അദ്ദേഹത്തിന്റെ കൈപിടിച്ചുയർത്തി ഒരുമിച്ച് സദസിനെ അഭിവാദ്യം ചെയ്തതോടെ ആവേശം അലതല്ലിയ പ്രവർത്തകർ ഒന്നടങ്കം വിളിച്ചു, അമിത് ഷാ കീ ജയ്... ബി.ജെ.പി കീ ജയ്... ഗോപകുമാർ കീ ജയ്...
അമിത് ഷായുടെ വാക്കുകൾ കേൾക്കാനായി ഉച്ചയ്ക്ക് മുൻപ് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ബി.ജെ.പി പ്രവർത്തകർ പുറ്റിങ്ങൽ മൈതാനത്തേക്ക് എത്തിക്കൊണ്ടിരുന്നു. അവരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ഉച്ചയ്ക്ക് 2.40 ഓടെ പൊലീസ് വാഹനങ്ങളുടെ നിരനിരയായുള്ള അകമ്പടിയോടെ അമിത് ഷാ മഹാസമ്മേളന വേദിയിലേക്കെത്തി. ഏറെനേരം കാത്തിരിക്കേണ്ടി വന്നില്ല, ഉദ്ഘാടന പ്രസംഗത്തിനായി അമിത് ഷായെ വിളിച്ചു. അദ്ദേഹം 'ഭാരത് മാതാ കീ ജയ്' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരും അതേ ആവേശത്തിൽ ഏറ്റുവിളിച്ചു. പക്ഷെ അമിത് ഷാ സംതൃപ്തനായില്ല. അങ്ങ് ബംഗാളിൽ പ്രചാരണം നടത്തുന്ന നരേന്ദ്രമോദി കേൾക്കുമാറുച്ചത്തിൽ, നമ്മൾ വിജയത്തിലേക്ക് അടുക്കുന്നതിന്റെ ആവേശത്തിൽ കൂടുതൽ ഉച്ചത്തിൽ ഏറ്റുവിളിക്കാൻ ആവശ്യപ്പെട്ടു. പ്രവർത്തകർ കൂടുതൽ ആവേശഭരിതരായി. പുറ്റിങ്ങൽ മൈതാനം സാഗരഗർജനം പോലെ 'ഭാരത് മാതാ കീ ജയ്' എന്ന് പലതവണ ആർത്തുവിളിച്ചു. പിന്നെ അമിത് ഷാ മെല്ലെ പ്രസംഗത്തിലേക്ക് കടന്നു.
എൽ.ഡി.എഫിനും യു.ഡിഎഫിനും എതിരെ അദ്ദേഹം കത്തിക്കയറിയപ്പോൾ സദസ് ഉറക്കെ കൈയടിച്ചു. ഫലിതരൂപേണയുള്ള വിമർശനങ്ങൾ കേട്ട് ഇടയ്ക്ക് പൊട്ടിച്ചിരിച്ചു. പ്രസംഗം അവസാനിക്കാറായപ്പോൾ ബി.ബി. ഗോപകുമാറിനെ വീണ്ടും അടുത്തേക്ക് വിളിച്ചു. എന്നിട്ട് നിങ്ങളെല്ലാവരും ബി.ബി. ഗോപകുമാറിന് വോട്ട് ചെയ്യില്ലേയെന്ന് ചോദിച്ചു. സദസ് ഒറ്റക്കെട്ടായി പറഞ്ഞു. 'ഞങ്ങളുടെ വോട്ട് ബി.ബി. ഗോപകുമാറിന്. ഞങ്ങളുടെ വോട്ട് താമര അടയാളത്തിൽ'.
സമ്മേളനത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സ്വാതി വന്ദേമാതരം ആലപിച്ചു. ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ, കുണ്ടറയിലെ എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരൻ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, സമിതി അംഗം കിഴക്കനേല സുധാകരൻ, ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, ബി.ഐ. ശ്രീനാഗേഷ്, അഡ്വ. കൃഷ്ണചന്ദ്രമോഹൻ, പരവൂർ സുനിൽ, കല്ലുവാതുക്കൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സത്യപാലൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ബി. സജൻലാൽ, കെ. മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.