കൊട്ടാരക്കര: തൊടിയിലും മുറ്റത്തും വിടർന്നുനിന്ന പൂക്കളിറുത്ത് കുട്ടികളും അമ്മമാരും മത്സരിച്ചുമാലകെട്ടി, കൊവിഡ് കാലത്ത് മറുനാടൻ പൂക്കൾ വേണ്ടെന്ന തീരുമാനത്തിന്റെ നന്മയുണ്ടായിരുന്നു ആ വാശിയ്ക്ക്. കെട്ടിയ മാലകളുമായി വഴിയോരത്ത് മണിക്കൂറുകൾ കാത്ത് നിന്നിട്ടും അവർ മുഷിഞ്ഞില്ല. നാടിന്റെ മുക്കിലും മൂലയിലും സ്വീകരണമേറ്റുവാങ്ങി ജനനായകനെത്തുന്നതിന്റെ കാത്തിരിപ്പിന് വല്ലാത്ത ആവേശംതന്നെയായിരുന്നു. കൊട്ടാരക്കര മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനെ സ്വീകരിക്കാൻ ഇന്നലെ കുളക്കട ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകളാണ് ഒത്തുകൂടിയത്. വർണ ബലൂണുകളും കൊടിതോരണങ്ങളുമൊക്കെയായി ഓരോ സ്വീകരണ കേന്ദ്രങ്ങളും കാലേക്കൂട്ടി അലങ്കരിച്ചിരുന്നു. രാവിലെ വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂൾ ജംഗ്ഷനിൽ സി.പി.ഐ സംസ്ഥാന എക്സി.അംഗം കെ.ആർ.ചന്ദ്രമോഹനനാണ് സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ടി.സുനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.ഐഷാപോറ്റി, ജോർജ്ജ് മാത്യു, പി.എ.എബ്രഹാം, എ.മന്മഥൻ നായർ, ഡി.എസ്.സുനിൽ, വി.രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. പിന്നെ ഓരോ കേന്ദ്രങ്ങളിലേക്കും ബാലഗോപാലും സംഘവും സഞ്ചരിച്ചപ്പോൾ ഉത്സവ പ്രതീതിയായിരുന്നു. സ്വീകരണങ്ങൾക്ക് എല്ലായിടങ്ങളിലും സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ നന്ദിപറഞ്ഞാണ് മടങ്ങിയത്.
ഇന്ന് മുഖ്യമന്ത്രി കൊട്ടാരക്കരയിൽ
കെ.എൻ.ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഇന്ന് കൊട്ടാരക്കരയിൽ സംഘടിപ്പിച്ചിട്ടുള്ള പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലാണ് പൊതുയോഗം.