cr-mahesh
കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ്‌ വോട്ട് അഭ്യർത്ഥിക്കുന്നു

കരുനാഗപ്പള്ളി: 'ഇതാ വരുന്നു സി.ആർ. മഹേഷ്, സൗമ്യതയുടെ പ്രതിരൂപം, നാടിന്റെ സ്വന്തം, അനുമോദിക്കൂ, ആശീർവദിക്കൂ, വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ...' ഉച്ചഭാഷിണിയിൽ നിന്ന് ഉയർന്നുകേൾക്കുന്ന വോട്ട് അഭ്യർത്ഥനയ്ക്കൊപ്പം വവ്വാക്കാവിലെ കടകൾ തോറും കയറിയിറങ്ങുകയാണ് കരുനാഗപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷ്. നിഷ്‌കളങ്കനായി നാട്ടുകാരെ വണങ്ങുന്ന മഹേഷിനൊപ്പം നാട്ടുകാരും ഒപ്പം കൂടി. പ്രാദേശിക നേതാക്കളും അണിനിരന്നതോടെ പ്രചാരണം ജനസാഗരമായി.

മത്സ്യക്കച്ചവടക്കാർ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, വഴിയാത്രികർ എന്നിങ്ങനെ ഏവരും വോട്ട് നൽകുമെന്ന് ഉറപ്പിച്ചുപറയുകയാണ്. അടുത്ത കവലയിലേയ്ക്ക് നീങ്ങുന്നതിനിടെ സമീപത്തെ വീട്ടിൽ നിന്ന് ഒരു കുടുംബം കൈവീശി. മഹേഷ് നേരെ അങ്ങോട്ടെത്തി. 'ഇവിടെല്ലാം വോട്ട് മഹേഷിനാ, കേട്ടോ...' അവരുടെ വാക്കുകളിലെ ആത്മാർത്ഥത ഉൾക്കൊണ്ട് നിറഞ്ഞചിരിയാണ് മഹേഷ് പകരമേകിയത്.

രാവിലെ എട്ടിന് തുറയിൽ കടവിൽ നിന്നായിരുന്നു സി.ആർ. മഹേഷിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. കോളനികളും വീടുകളും കടകളുമെല്ലാം കയറിയിറങ്ങി വവ്വാക്കാവിലെത്തി. അവിടെ നിന്ന് ദേശീയപാതയിലൂടെ നേരെ കരുനാഗപ്പള്ളിയിലേയ്ക്ക്. ഓരോ സ്ഥലങ്ങളിലും എത്തുമ്പോൾ ഒപ്പമുള്ള പ്രവർത്തകരുടെ എണ്ണം കൂടിക്കൂടി വന്നു. ഇടയ്‌ക്കൊരു മത്സ്യത്തൊഴിലാളിയെ കണ്ടു. നിറചിരിയോടെ അദ്ദേഹം പറഞ്ഞു..'ഇനി കുറച്ച് മീനേ ബാക്കിയുള്ളൂ, വിറ്റുകഴിഞ്ഞാൽ ഞാനും കൂടെ വരും കേട്ടോ..'

 വികസനമെന്നാൽ ഉദ്ഘാടനം മാത്രം

'കഴിഞ്ഞ തവണ വളരെ ചെറിയ വോട്ടിനാണ് ഞാൻ തോറ്റത്. അതിൽ ചതിയുണ്ടായിരുന്നു. ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. മണ്ഡലത്തിലാകെ കിട്ടുന്ന സ്വീകരണം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. മണ്ഡലത്തിലെ വികസനം പേരിനുള്ള ചില ഉദ്ഘാടനങ്ങൾ മാത്രമായി ഒതുങ്ങുകയാണ്. ഇവിടെ കുടിവെള്ളം പോലും കിട്ടാനില്ല'. മഹേഷ് പറഞ്ഞു.