കൊല്ലം: ഏറ്റെടുത്ത കർമ്മ മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച അപൂർവ വ്യക്തിത്വമാണ് കെ.എൻ.ബാലഗോപാൽ. വിദ്യാർത്ഥി-യുവജന സംഘടനകളുടെ ദേശീയ അമരക്കാരനായും സി.പി.എമ്മിന്റെ കൊല്ലം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടേറിയറ്റംഗമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും കർഷക സംഘം സംസ്ഥാന സെക്രട്ടറിയായുമൊക്കെ പ്രവർത്തന മികവുകാട്ടിയ അദ്ദേഹം 2010ൽ ആണ് രാജ്യസഭ എം.പിയായത്. ആ വേളയിൽ 2016ൽ മികച്ച രാജ്യസഭാ എം.പിയ്ക്കുള്ള സൻസദ് രത്ന അവാർഡ് നേടിയെടുക്കാനായത് ചെറിയ നേട്ടമല്ല. സഭാതലത്തിലെ മികച്ച പ്രകടനമാണ് ബാലഗോപാലിനെ അവാർഡിലേക്ക് എത്തിച്ചത്. ചർച്ചകൾ, സ്വകാര്യ ബിൽ അവതരണം, ചോദ്യങ്ങൾ എന്നിവ ആകെ കണക്കാക്കിയപ്പോൾ രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ബാലഗോപാലിന്റേത്. പാർലമെന്റിനെ പിടിച്ചുകുലുക്കിയ എയർപോർട്ട് യൂസർഫീ പ്രശ്നം രാജ്യസഭയിൽ അവതരിപ്പിച്ചത് ബാലഗോപാലായിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അതിശക്തമായ നിലപാടുകൾ അദ്ദേഹം അവതരിപ്പിച്ചു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും രാജ്യത്തെ ഗ്രസിച്ച അഴിമതിയ്ക്കുമെതിരെ നിരന്തര പോരാട്ടം രാജ്യസഭാംഗമെന്ന നിലയിൽ നടത്തിയതൊക്കെ പ്രശംസനീയമായി. രാജ്യത്തിനുതന്നെ മാതൃകയാകുന്ന ബാഗ് രഹിത സ്കൂൾ പദ്ധതി കൊല്ലം ജില്ലയിലെ പതിനൊന്ന് വിദ്യാലയങ്ങളിൽ നടപ്പാക്കിയത് ബാലഗോപാലിന്റെ മറ്റൊരു മികവായി. ആയിരക്കണക്കിന് കിടപ്പ് രോഗികൾക്ക് ചികിത്സയും പരിചരണവും ഉറപ്പാക്കാനുള്ള കൊല്ലം കെയർ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റാണിപ്പോൾ ബാലഗോപാൽ. ഇതിന്റെ ആസ്ഥാന നിർമ്മാണമടക്കം നടന്നുവരികയാണ്.