കാരൂർക്കടവ്: 'കരുനാഗപ്പള്ളി മാറിയിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷം നടത്തിയത് സമാനതകളില്ലാത്ത വികസനമാണ്. കരുനാഗപ്പള്ളി കേരളത്തിലെ ഏറ്റവും മികച്ച പട്ടണമായത് കഴിഞ്ഞ അഞ്ചുകൊല്ലത്തെ വികസനം കൊണ്ടുകൂടിയാണ്'.. വികസനങ്ങൾ എണ്ണിപ്പറഞ്ഞാണ് കരുനാഗപ്പള്ളിയിലെ നിലവിലെ എം.എൽ.എ കൂടിയായ ആർ. രാമചന്ദ്രന്റെ വോട്ട് അഭ്യർത്ഥന.
കശുഅണ്ടി - തൊഴിലുറപ്പ് തൊഴിലാളികൾ ഹൃദ്യമായ വരവേൽപ്പാണ് അദ്ദേഹത്തിന് നൽകുന്നത്. കാരൂർക്കടവിലെ നാഷണൽ കാഷ്യൂ ഫാക്ടറിയിലെത്തിയ രാമചന്ദ്രന്റെ വാക്കുകൾ ഏറെ വൈകാരികതയോടെയാണ് തൊഴിലാളികൾ കേട്ടിരുന്നത്. 'പതിനാറാമത്തെ വയസിൽ പാർട്ടി പ്രവർത്തകനായി ഇറങ്ങിയതാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതമാണ് എനിക്കുള്ള ബാക്കിപത്രം. സാധാരണക്കാരായ നിങ്ങളാണ് എന്നെ നേതാവാക്കിയത്. ആ വിശ്വാസം സംരക്ഷിച്ചേ ഞാനെന്നും പ്രവൃത്തിച്ചിട്ടുളളൂ. ഇനിയും അങ്ങനെ തന്നെയായിരിക്കും.'
കാരൂർക്കടവിൽ നിന്ന് കടകമ്പോളങ്ങളും സ്ഥാപനങ്ങളും കയറി രാമചന്ദ്രൻ മുന്നോട്ട്. അപ്പോഴേയ്ക്കും അനൗൺസ്‌മെന്റ് ഉയർന്നുകേട്ടു. 'ഈ നാടിന്റെ സപ്ന്ദനമറിയുന്ന, സാധാരണക്കാരന്റെ അത്താണി, തൊഴിലാളികളുടെ നേതാവ്, വികസന നായകൻ ഈ വഴിത്താരകളിലൂടെ വോട്ട് ചോദിക്കാൻ നിങ്ങളുടെ അടുത്തേയ്ക്ക് എത്തുന്നു..' അപ്പോഴേയ്ക്കും സഖാവിനെ കാണാൻ വഴിയോരങ്ങളിൽ ആളുകൾ ഓടിവരുന്ന കാഴ്ച. ഏവർക്കും കൈവവീശി അഭിവാദ്യമേകി കരുനാഗപ്പള്ളിക്കാരുടെ സഖാവ് മുന്നോട്ട്.
ജനങ്ങൾ ആഗ്രഹിക്കുന്നു എൽ.ഡി.എഫ് ഭരണം
ശുഭപ്രതീക്ഷയുണ്ട്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. നാട്ടിൽ വീണ്ടും എൽ.ഡി.എഫ് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ആർ.രാമചന്ദ്രൻ പറയുന്നു.