കുണ്ടറ: കശുഅണ്ടി തെഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുണ്ടറ മണ്ഡലത്തിൽ മേൽക്കൈ നേടുക എന്ന ഉദ്ദേശത്തിലാണ് എൻ.ഡി.എ സ്ഥാനാർത്ഥി വനജാ വിദ്യാധരൻ പ്രചാരണം കൊഴുപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 22,000ത്തിൽ അധികം വോട്ട് എൻ.ഡി.എയ്ക്ക് ലഭിച്ചിരുന്നു. കുണ്ടറ അലിന്റ്, സിറാമിക്സ്, കെ.ഇ.എൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജിവനക്കാരെ കണ്ട് സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. കുണ്ടറ, പേരയം, പടപ്പക്കര എന്നീ പ്രദേശങ്ങളിലെ കൃസ്തീയ ദേവാലയങ്ങളിലെത്തി മദർ സുപ്പീരിയർമാരെക്കണ്ട് വോട്ടുതേടി. തുടർന്ന് കുണ്ടറയിലെ ശങ്കരാചാര്യ മഠത്തിലെത്തി സഹായമഭ്യർത്ഥിച്ചു. രണ്ടാം റൗണ്ട് പര്യടനത്തിന്റെ അവസാന ഘട്ടത്തിലെച്ചിയ വനജ പേരയത്ത് ഓട്ടോ റിക്ഷാ ഡ്രൈവർമാരെക്കണ്ട് വോട്ടുതേടി. എൻ.ഡി.എ നേതാക്കളായ അഡ്വ. സജുകുമാർ, ഇടവട്ടം വിനോദ്, അഞ്ചൽ കൃഷ്ണൻ കുട്ടി, ഗീത തുളസി, നിമിഷ തുടങ്ങിയ നിരവധി നേതാക്കൾ സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിക്കാൻ എത്തിയിരുന്നു.