
കൊല്ലം: കഴിഞ്ഞതവണ ചുവന്നുതുടുത്ത കൊല്ലത്തെ ജനമനസ് ഇത്തവണ കലുഷിതമാണ്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർത്ഥി നിർണയം പൂർത്തിയായത്. ക്ഷേമപെൻഷനും ഭക്ഷ്യക്കിറ്റും ആഴക്കടൽ മത്സ്യബന്ധന കരാറും ശബരിമലയും പ്രചാരണ വിഷയങ്ങളാകുമ്പോൾ വിജയം പ്രവചനാതീതം. കശുഅണ്ടി തൊഴിലാളികളും കർഷകരും മത്സ്യത്തൊഴിലാളികളും വിധി നിർണയിക്കുന്ന ജില്ലയിൽ കരുത്തരായ സ്ഥാനാർത്ഥികളാണ് അങ്കത്തിനിറങ്ങിയത്. ഇടത് കോട്ടകൾ തകർക്കാൻ യു.ഡി.എഫും എൻ.ഡി.എയും പതിനെട്ടടവും പയറ്റുമ്പോൾ തന്ത്രപരമായി പ്രതിരോധിക്കുകയാണ് എൽ.ഡി.എഫ്.അടഞ്ഞുകിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ, പി.എസ്.സി വിവാദം, ഇന്ധന വിലവർദ്ധന തുടങ്ങിയവയാണ് ജില്ലയിൽ ചർച്ച ചെയ്യുന്ന മറ്റു വിഷയങ്ങൾ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനൊന്ന് മണ്ഡലങ്ങളും ഇടത് മുന്നണി തൂത്തുവാരി. കൊല്ലം- എം. മുകേഷ് (ഭൂരിപക്ഷം 17,611), ഇരവിപുരം- എം. നൗഷാദ് (28,803), ചവറ- എൻ. വിജയൻപിള്ള (6,189), കരുനാഗപ്പള്ളി- ആർ. രാമചന്ദ്രൻ, (1,759) കുന്നത്തൂർ- കോവൂർ കുഞ്ഞുമോൻ (20,529) കൊട്ടാരക്കര- പി. ഐഷാ പോറ്റി (42,632), പത്തനാപുരം- കെ.ബി. ഗണേഷ് കുമാർ (24,562), ചടയമംഗലം- മുല്ലക്കര രത്‌നാകരൻ (21,928), പുനലൂർ- കെ. രാജു (33,582), കുണ്ടറ - ജെ. മേഴ്‌സിക്കുട്ടിഅമ്മ (30,460), ചാത്തന്നൂർ ജി.എസ്. ജയലാൽ (34,407) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പതിനൊന്നിടത്തും മേൽക്കൈ നേടിയത് യു.ഡി.എഫ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കായിരുന്നു മുന്നേറ്റം. ബി.ജെ.പിക്ക് ഒരു പഞ്ചായത്തിൽ ഭരണം കിട്ടുകയും ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങളിലും പ്രാതിനിദ്ധ്യം ഉറപ്പാക്കുകയും ചെയ്തു. ഇക്കുറി ഓരോ മണ്ഡലങ്ങളിലും 10,000 മുതൽ 35,000 വരെ പുതിയ വോട്ടർമാരുണ്ട്.
കടുത്ത മത്സരം
മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ കുണ്ടറയിൽ മത്സരിക്കുമ്പോൾ ശക്തരായ എതിരാളികളായി യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥും എൻ.ഡി.എയിലെ വനജ വിദ്യാധരനുമുണ്ട്. ആഴക്കടൽ മത്സ്യബന്ധന വിവാദവും റെയിൽവേ മേൽപ്പാലമില്ലാത്തതും ചർച്ചയാക്കിയാണ് വിഷ്ണുനാഥും എൻ.ഡി.എ സ്ഥാനാർത്ഥി വനജ വിദ്യാധരനും വോട്ട് തേടുന്നത്.
ഇരവിപുരത്ത് എൽ.ഡി.എഫ് വോട്ടുചോർത്താൻ മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ബാബു ദിവാകരനെയാണ് യു.ഡി.എഫ് ഇറക്കിയത്. സിറ്റിംഗ് എം.എൽ.എ നൗഷാദാണ് ഇടത് സ്ഥാനാർത്ഥി.എൻ.ഡി.എയിലെ രഞ്ജിത്ത് രവീന്ദ്രൻ ഇരുമുന്നണികൾക്കും വെല്ലുവിളിയുയർത്തുന്നു. ഇവിടെ അയ്യായിരത്തിലേറെ കള്ളവോട്ടുകൾ കണ്ടെത്തിയതായി ബാബു ദിവാകരന്റെ ബൂത്ത് ഏജന്റ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. സിനിമാതാരവും സിറ്റിംഗ് എം.എൽ.എയുമായ എം. മുകേഷ് കൊല്ലത്ത് രണ്ടാം അങ്കത്തിന് ഇറങ്ങുമ്പോൾ വെല്ലുവിളിയായി യു.ഡി.എഫിലെ ബിന്ദുകൃഷ്ണയും എൻ.ഡി.എയിലെ എം. സുനിലുമുണ്ട്. കരച്ചിലിനൊടുവിലാണ് സീറ്റ് കിട്ടിയതെങ്കിലും നാലരവർഷം ഡി.സി.സി പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച ബിന്ദുകൃഷ്ണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കൊല്ലത്ത് മുകേഷിനെ വീണ്ടും സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടി ഘടകങ്ങളിൽ ചില്ലറ മുറുമുറുപ്പുയർന്നെങ്കിലും ഇടത് കോട്ടയിൽ നിന്ന് വോട്ടുചോരില്ലെന്ന ആത്മവിശ്വസത്തിലാണ് എൽ.ഡി.എഫ്.
പത്തനാപുരത്ത് എൽ.ഡി.എഫിലെ കെ.ബി. ഗണേശ് കുമാറിനെതിരെ അപ്രതീക്ഷിത പ്രതിരോധമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാലയും എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്. ജിതിൻദേവും തീർക്കുന്നത്.
ചവറയിൽ അന്തരിച്ച എം.എൽ.എ എൻ.വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്ത് വിജയൻ പിള്ളയെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയത്. പഴുതടച്ച പ്രചാരണവുമായി മുന്നേറുന്ന മുൻമന്ത്രി ഷിബു ബേബിജോണാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. എൻ.ഡി.എയിലെ വിവേക് ഗോപൻ നേടുന്ന വോട്ടുകളും മണ്ഡലത്തിൽ നിർണായകമാകും.
കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വളരെ കുറഞ്ഞ വോട്ടിനാണ് കഴിഞ്ഞതവണ കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫ് വിജയം. എൽ.ഡി.എഫിലെ ആർ.രാമചന്ദ്രനും യു.ഡി.എഫിലെ സി.ആർ. മഹേഷും എൻ.ഡി.എയിലെ ബിറ്റി സുധീറുമാണ് പോരാടുന്നത്. ചാത്തന്നൂരിൽ മുതിർന്ന കോൺഗ്രസ് നേതാവ് എൻ.പീതാംബരക്കുറുപ്പ് കച്ചമുറുക്കി ഇറങ്ങുമ്പോൾ എൽ.ഡി.എഫിലെ ജി.എസ്. ജയലാലും എൻ.ഡി.എയിലെ ബി.ബി. ഗോപകുമാറും ശക്തമായ പ്രതിരോധം തീർക്കുന്നു.
കൊട്ടാരക്കരയിൽ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ആർ.രശ്മി. എന്നാൽ എൽ.ഡി.എഫിലെ കെ.എൻ. ബാലഗോപാൽ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. എൻ.ഡി.എയിലെ വയയ്ക്കൽ സോമനും സജീവമായി മണ്ഡലത്തിലുണ്ട്.
ചടയമംഗലത്ത് എൽ.ഡി.എഫിലെ ജെ.ചിഞ്ചുറാണിക്ക് വെല്ലുവിളിയായി യു.ഡി.എഫിലെ എം.എം നസീറും എൻ.ഡി.എയിലെ വിഷ്ണു പട്ടത്താനവുമുണ്ട്. പുനലൂരിൽ മുൻ എം.എൽ.എ പി.കെ.ശ്രീനിവാസന്റെ മകനും മുൻ എം.എൽ.എയുമായ പി.എസ്.സുപാലിനെയാണ് എൽ.ഡി.എഫ് രംഗത്തിറക്കിയപ്പോൾ ലീഗ് സ്ഥാനാർത്ഥി അബ്ദുറഹിമാൻ രണ്ടത്താണിയാണ് മുഖ്യ എതിരാളി. വിട്ടുകൊടുക്കില്ലെന്ന വാശിയിൽ എൻ.ഡി.എയിലെ ആയൂർ മുരളിയുമുണ്ട്. കുന്നത്തൂരിൽ എൽ.ഡി.എഫ് ടിക്കറ്റിൽ കോവൂർ കുഞ്ഞുമോൻ വീണ്ടും മത്സരിക്കുമ്പോൾ യു.ഡി.എഫിലെ  ഉല്ലാസ് കോവൂരും എൻ.ഡി.എയിലെ രാജി പ്രസാദുമാണ് എതിരാളികൾ.