
കൊല്ലം: എൻ.എസ്.എസും എൽ.ഡി.എഫും ശത്രുപക്ഷത്താണെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധിയാക്കണമെന്ന ആവശ്യം സർക്കാർ ഗൗരവമായി പരിഗണിച്ചതാണ്. കൂടുതൽ ദിവസം അവധി നൽകുന്നതിന് നിയമപരമായ തടസമുണ്ട്. ഇത് മാറ്റിക്കിട്ടാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 15 ദിവസത്തിൽ കൂടുതൽ അവധി പരിഗണിക്കാൻ കഴിയില്ലെന്ന മറുപടിയാണ് റിസർവ് ബാങ്കിൽ നിന്ന് ലഭിച്ചത്.
സാമ്പത്തിക സംവരണം ലഭിക്കേണ്ട മുന്നാക്ക സമുദായങ്ങളുടെ പട്ടിക തയ്യാറായിട്ടുണ്ട്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പ്രസിദ്ധീകരിക്കാതിരുന്നത്. ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചതിനാൽ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും.
ഒഴിവ് വന്ന കേരളത്തിലെ മൂന്ന് രാജ്യസഭാസീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ നിറുത്തിവച്ചത് ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ കടന്നാക്രമണമാണ്. രാജ്യസഭാംഗങ്ങളെ തിരഞ്ഞെടുക്കുക നിയമസഭാംഗങ്ങളുടെ അവകാശമാണ്. തെറ്റായ ഇടപെടലിന് പിന്നിലെ ചേതോവികാരം വ്യക്തമാക്കാൻ കേന്ദ്ര ഭരണകക്ഷി തയ്യാറാവണം.
കോൺഗ്രസും ബി.ജെ.പിയും
അന്നം മുടക്കുന്നു
കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥയിലാണ് പ്രതിപക്ഷം. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബി.ജെ.പിക്കൊപ്പമായിരുന്നു കോൺഗ്രസ്. ഇപ്പോൾ ഭക്ഷ്യകിറ്റും ക്ഷേമപെൻഷനുമാണ് മുടക്കാൻ ശ്രമിക്കുന്നത്. സ്കൂൾ കുട്ടികൾക്കുള്ള കിറ്റ് വിതരണം തടയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലിലെ ഭക്ഷ്യകിറ്റ് വിഷുവിന്റേത് മാത്രമല്ല, ഈസ്റ്റർ ഏപ്രിലിലാണെന്ന് പ്രതിപക്ഷ നേതാവ് മറുന്നുപോയി. റംസാൻ വ്രതാരംഭവും ഈ മാസത്തിലാണ്. ക്ഷേമ പെൻഷനും മറ്റ് സഹായങ്ങളുമില്ലാതെ ജനങ്ങൾ കഷ്ടപ്പെടണമെന്ന് ശപിക്കാൻ എങ്ങനെ കഴിയുന്നു?..
ഗൂഢാലോചന
പുറത്തുവരും
ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട ഗൂഢാലോചന ഉടൻ പുറത്തുവരും. തീരദേശ ജനതയ്ക്ക് സർക്കാർ ഇടപെടലിൽ വലിയ തൃപ്തിയാണുള്ളത്. ഇത് തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലാണ് ചിലർ സർക്കരിനെതിരെ തെറ്റായ പ്രചാരണത്തിന് ശ്രമിച്ചത്. ദല്ലാളെന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മഹാനടക്കം ഇതിൽ ഇടപെട്ടുവെന്നാണ് കേൾക്കുന്നത്. ഗൂഢാലോചനയിൽ പ്രതിപക്ഷ നേതാവിന്റെ കൂടെ ഇപ്പോഴുള്ളയാളും നേരത്തെയുള്ളയാളും ഉൾപ്പെട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലെ ഔദ്യോഗിക സ്ഥാനത്തുള്ള മഹാൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതിൽ തെറ്റില്ല. പക്ഷേ, പി.ആർ.ഡിയെക്കൊണ്ട് പരസ്യം ചെയ്യിക്കാൻ അദ്ദേഹം എത്രമാത്രം മെനക്കെട്ടുവെന്ന് നോക്കണം-മുഖ്യമന്ത്രി പറഞ്ഞു.
എൻ.എസ്.എസിന് ആരോടും
ശത്രുതയില്ല: സുകുമാരൻ നായർ
₹ഉള്ളത് പറയുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ല
കോട്ടയം: എൻ.എസ്.എസിന് ആരോടും ശത്രുതയില്ലെന്നും, ഉള്ള കാര്യം തുറന്നു പറയുമ്പോൾ പരിഭവിച്ചിട്ടു കാര്യമില്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2017ലും 2018ലും രണ്ട് നിവേദനങ്ങളാണ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. എന്നാൽ ,പുതിയതായി അവധികളൊന്നും അനുവദിക്കേണ്ടതില്ലെന്നതാണ് സർക്കാർ നയമെന്നായിരുന്നു മറുപടി. ഈ വിഷയം സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിച്ചിരുന്നെന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മറുപടിയിലെ പൊള്ളത്തരം ആർക്കും മനസിലാക്കാവുന്നതേയുള്ളു. മുന്നാക്ക സമുദായ പട്ടിക സംബന്ധിച്ച
കമ്മിഷൻ റിപ്പോർട്ട് 10 മാസങ്ങൾക്ക് മുമ്പ് സർക്കാർ അംഗീകരിച്ചിരുന്നു. എന്നാൽ ,പെരുമാറ്റച്ചട്ടമാണ് പട്ടിക പ്രസിദ്ധീകരണത്തിന് തടസമായതെന്നും, ഇപ്പോൾ പട്ടിക പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി അനുമതി നൽകിയെന്നുമുള്ള മുഖ്യമന്ത്രിയുടെ മറുപടിയും വസ്തുതാ വിരുദ്ധമാണ്. പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ വരുത്തുന്ന കാലവിളംബം ചോദ്യം ചെയ്ത് എൻ.എസ്.എസ്. സമർപ്പിച്ച ഉപഹർജിയിലാണ് ഹൈക്കോടതി നിർദേശം നൽകിയതെന്നുംഅദ്ദേഹം പറഞ്ഞു.