ullas

കൊല്ലം: അഞ്ച് വർഷം മുൻപ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന ദിവസം. എതിരാളികൾ കൂകി വിളിക്കുന്നത് കേട്ട് കൗണ്ടിംഗ് സെന്ററിന് മുന്നിൽ നിന്ന് വിതുമ്പിയ കുന്നത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിനെ നമ്മളാരും മറന്നിട്ടില്ല. പരാജയത്തിന്റെ നാണക്കേടിൽ ഉല്ലാസ് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് നമ്മളിൽ പലരും കരുതി. പക്ഷെ തൊട്ടടുത്ത ദിവസം മുതൽ ഉല്ലാസ് പതിവ് പോലെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. എതിർ മുന്നണിയിലുള്ളവരുടെയും തോളിൽ കൈയിട്ട് സഹകരിച്ചു. നാട്ടിലെ സകലകാര്യങ്ങളിലും സജീവമായി ഇടപെട്ടു. ഇപ്പോൾ വീണ്ടും കുന്നത്തൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് ഉല്ലാസ്.

ഉല്ലാസ് ജനിക്കുമ്പോൾ അച്ഛൻ കർഷകത്തൊഴിലാളിയും അമ്മ കശുഅണ്ടി തൊഴിലാളിയുമായിരുന്നു. അമ്മ കശുഅണ്ടി ഫാക്ടറിയിൽ ജോലിക്ക് പോകുമ്പോൾ ഉല്ലാസിനെയും കൊണ്ടുപോകുമായിരുന്നു. അങ്ങനെ ഫാക്ടറിയിലെ പുകയും കശുഅണ്ടി കറയുടെ ഗന്ധവും ശ്വസിച്ചാണ് ഉല്ലാസ് വളർന്നത്. ഇതിനിടയിൽ അച്ഛന് എൽ.പി സ്കൂളിൽ ശിപായിയായി താത്കാലിക ജോലി ലഭിച്ചെങ്കിലും വലിയ ശമ്പളം ഇല്ലായിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഉല്ലാസിന് തിരുവനന്തപുരത്ത് എൽഎൽ.ബിക്ക് പ്രവേശനം ലഭിച്ചു. അഭിഭാഷകനാകുക കുട്ടിക്കാലത്തേയുള്ള സ്വപ്നമായിരുന്നു. പക്ഷേ തിരുവനന്തപുരത്ത് എന്നും പോയി വരാനുള്ള പണമില്ലാത്തതിനാൽ എൽഎൽ.ബി പഠനം മാസങ്ങൾക്കുള്ളിൽ ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം കാലിൽ നിൽക്കാനായി പഴമക്കാർ പാടിപ്പഠിപ്പിച്ച നാടൻപാട്ടുകൾ അയുധമാക്കി. അങ്ങനെ ഉല്ലാസ് അറിയപ്പെടുന്ന നാടൻപാട്ട് കലാകാരനായി. ഇതിനിടയിൽ രാഷ്ട്രീയത്തിൽ സജീവമായി. പിന്നെ ദൃശ്യമാദ്ധ്യമ രംഗത്തേക്കുമെത്തി.
ലോക്ക് ഡൗൺ കാലത്ത് കൊവിഡിനെ പേടിച്ച് ഉല്ലാസ് വീട്ടിൽ ഒതുങ്ങിയില്ല. പാവങ്ങൾക്ക് മരുന്നും ഭക്ഷണവും എത്തിച്ചു. ലോക്ക് ഡൗണിന് ശേഷം കൊവിഡ് ഭീകരമായി പടർന്നപ്പോൾ ഉല്ലാസ് ഉശിരനായ ആരോഗ്യപ്രവർത്തകന്റെ റോളെടുത്തു. പൊതുസ്ഥലങ്ങളും ആരോഗ്യ കേന്ദ്രങ്ങളും ശുചീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം ധൈര്യപൂർവം ഏറ്റെടുത്തു. ഇപ്പോൾ വോട്ട് തേടി ചെല്ലുമ്പോൾ, കൊവിഡ് തീർത്ത വറുതിയിൽ തങ്ങൾ പട്ടിണിയുടെ വക്കോളമെത്തിയപ്പോൾ ഭക്ഷ്യധാന്യങ്ങളും മരുന്നുമൊക്കെ എത്തിച്ച ഉല്ലാസിനെ പലരും ഓർത്തെടുക്കുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കുന്നത്തൂരിൽ വലിയ മാറ്റം സംഭവിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ.

 പാട്ട് പാടി വോട്ട് തേടി ഉല്ലാസ്

നിങ്ങളെ നിങ്ങള് മാത്രം ഇഷ്ടപ്പെടല്ലപ്പാ

നമ്മളേ നമ്മള് മാത്രം ഇഷ്ടപ്പെടല്ലപ്പാ...

ഇങ്ങനെ ഉല്ലാസ് പാടുമ്പോൾ വോട്ടർമാർ ഏറ്റുപാടും. ഇങ്ങനെ ഉല്ലാസ് വോട്ട് തേടിയെത്തുന്ന കുന്നത്തൂരിലെ കശുഅണ്ടി ഫാക്ടറികളിലും തൊഴിലുറപ്പ് കേന്ദ്രങ്ങളിലും പെട്ടെന്ന് ആവേശം നിറയും. ഉല്ലാസ് പാടിനിറുത്തപ്പോൾ വോട്ടർമാർ വീണ്ടുമൊരു പാട്ടുകൂടി ആവശ്യപ്പെടും. പാട്ട് പാടാതിരുന്നാൽ വോട്ടർമാർ പിണങ്ങുമെന്ന് കരുതി ഉല്ലാസ് വീണ്ടും പാടും. ഇത് കേട്ട് പരിസരത്തുള്ളവരെല്ലാം അവിടേക്കെത്തും. ഇങ്ങനെ പാട്ട് പാടി ജനക്കൂട്ടത്തെ പര്യടന കേന്ദ്രങ്ങളിലേക്ക് ആകർഷിക്കുകയാണ് ഉല്ലാസ്. ഇന്നലെ മൺറോത്തുരുത്തിലെ കശുഅണ്ടി ഫാക്ടറിയിലെ സ്വീകരണ കഴിഞ്ഞ് മടങ്ങും മുൻപ് ഉല്ലാസ് ഇങ്ങനെ പറഞ്ഞു. 'എന്റെ കൈയിൽ പാട്ടേയുള്ളു. കൂടുതൽ ഫ്ലക്സും പോസ്റ്ററും അടിക്കാൻ പണമില്ല. നിങ്ങളൊന്ന് നോക്ക്, എന്റെ ഒന്നോ രണ്ടോ ഫ്ലക്സേ ഇവിടെയുള്ളു. അതുവച്ചതും നിങ്ങളിൽ നിന്നും പിരിച്ച പണം കൊണ്ടാണ് ' ഇതുകേട്ട് ഫാക്ടറിയിലേക്ക് നടന്നുകയറിയ കശുഅണ്ടി തൊഴിലാളികൾ തിരിഞ്ഞുനിന്ന് പറഞ്ഞു. 'ഇത്തവണ വോട്ട് ഉല്ലാസിന് തന്നെ.'

 അല്പനേരം വർത്തമാനം

 ചാനൽ സർവേ ഫലങ്ങൾ അനുകൂലമാണല്ലോ ?

സർവേ ഫലങ്ങൾ അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ഗൗരവമായി കാണാനാകില്ല. ജനങ്ങളാണ് വിധി നിശ്ചിയിക്കുന്നത്. അവർ വെറുതെ വോട്ട് ചെയ്യില്ല. സ്ഥാനാർത്ഥികളെ അവർ നന്നായി വിലയിരുത്തും. അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുള്ളവർക്ക് വോട്ട് ചെയ്യും. ഞാൻ ഇന്നലെകളിൽ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ എനിക്ക് വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. അഥവാ പരാജയപ്പെട്ടാലും ജനങ്ങൾക്കിടയിലുണ്ടാകും.

 ഇടയ്ക്ക് ഉല്ലാസിന് നേരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉണ്ടായല്ലോ ?

അത് വലിയ കാര്യമായെടുത്തിട്ടില്ല. കഴിഞ്ഞ തവണ എതിർ സ്ഥാനാർത്ഥി വാങ്ങി തന്ന ഷർട്ട് ധരിച്ചാണ് അദ്ദേഹത്തിനെതിരെ മത്സരിച്ചതെന്നായിരുന്നു കളിയാക്കൽ. ഇത് കേട്ട് പലരും എനിക്ക് ഷർട്ടും മുണ്ടും വാങ്ങി തന്നു. അതിൽ തുച്ഛമായ വരുമാനമുള്ള കശുഅണ്ടി തൊഴിലാളികൾ പോലുമുണ്ട്. ഭാര്യയ്ക്ക് ലക്ഷങ്ങൾ ശമ്പളമുണ്ടെന്നാണ് മറ്റൊരു കുപ്രചരണം. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭാര്യ ആശയെ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗമായി നിയമിച്ചിരുന്നു. അത് സർക്കാരിന്റെ കാലാവധി കഴിഞ്ഞപ്പോൾ തന്നെ രാജിവച്ചു. ഇപ്പോൾ പി.എസ്.സി കോച്ചിംഗിന് പോവുകയാണ്.

 എന്തൊക്കെയാണ് വോട്ടർമാരോട് പറയുന്നത് ?

അടിസ്ഥാന വികസനത്തിൽ കുന്നത്തൂർ മണ്ഡലം ഏറെ പിന്നിൽ പോയി. ഇവിടെ കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പ്രവർത്തനം നിറുത്തിവച്ചു. സിവിൽ സ്റ്റേഷൻ നിർമ്മാണം പതിനഞ്ച് വർഷമായിട്ടും പൂർത്തിയായില്ല. താലൂക്ക് ആശുപത്രിയുടെ സ്ഥിതി ഏറെ ദയനീയമാണ്. ഗ്രാമീണ റോഡുകളെല്ലാം തകർന്ന് തരിപ്പണമായി.