തഴവ: നിയമസഭാ തിരഞ്ഞെടുപ്പിൽ മാതൃകാപെരുമാറ്റച്ചട്ടം ഉറപ്പുവരുത്താൻ കുലശേഖരപുരം, തഴവ മേഖലകളിൽ വിവിധ സ്ക്വാഡുകളുടെ പരിശോധന ഊർജിതമാക്കി. പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ തുടങ്ങിയവ നീക്കം ചെയ്യാനും കൃത്യമായ രേഖകളില്ലാതെ പണം, സ്വർണം, മദ്യം എന്നിവ വാഹനങ്ങളിൽ കടത്തുന്നില്ലെന്ന് ഉറപ്പുവരുത്താനുമാണ് പരിശോധന സജീവമാക്കിയത്.
ഒരു നിയോജക മണ്ഡലത്തിൽ മൂന്ന് ഫ്ലൈയിംഗ് സ്ക്വാഡുകൾ, മൂന്ന് സർവയലൻസ് ടീമുകൾ, ഒരു ആന്റി ഡീ ഫെയ്സ്മെന്റ് സ്ക്വാഡ് എന്നിവ ഉൾപ്പടെ ഏഴ് ടീമുകളാണ് വിവിധ മേഖലകളിൽ പരിശോധന നടത്തുന്നത്. കൂടാതെ ഒരു വീഡിയോ സർവയലൻസ് ടീമും പരിശോധനയിൽ സജീവമായിട്ടുണ്ട്. മതിയായ രേഖകളില്ലാതെ അൻപതിനായിരത്തിന് മുകളിലുള്ള തുക കണ്ടെടുത്താൽ പിന്നീട് രേഖകൾ നൽകിയാലും തിരഞ്ഞെടുപ്പ് പൂർത്തിയായി ഏഴ് ദിവസത്തിന് ശേഷമേ പണം തിരികെ ലഭിക്കൂ.