കുന്നിക്കോട്: പട്ടാഴി വടക്കേക്കരയിൽ ഏറത്ത് വടക്ക് എൽ.പി സ്കൂളിന് സമീപത്തുള്ള മരം മുറിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മരത്തിൽ കുടുങ്ങിയയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 10.30നാണ് സംഭവം. ചെളിക്കുഴി ലീനാ ഭവനിൽ ശശിധരൻ നായരുടെ ഉടമസ്ഥതയിലുള്ള ആഞ്ഞിലിമരം മുറിക്കാൻ കയറിയ കുന്നട സ്വദേശി പ്രദീപിനാണ് (40) ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസികളായ അജി, ബൈജു എന്നിവർ പ്രദീപിനെ രക്ഷപ്പെടുത്താൻ മരത്തിൽ കയറി. പ്രദീപിന്റെ ബോധം മറഞ്ഞതിനാൽ താഴെ വീഴാതിരിക്കാൻ ഇവർ വസ്ത്രം കൊണ്ട് ഇദ്ദേഹത്തെ മരത്തിൽ കെട്ടിയിടുകയായിരുന്നു. നെടുവന്നൂരിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏണി,കയർ, വല എന്നിവ ഉപയോഗിച്ച് പ്രദീപിനെ സുരക്ഷിതമായി താഴെയിറക്കി അടൂർ സർക്കാർ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണ്.
പത്തനാപുരം ഫയർ ആൻഡ് റെസ്ക്യൂ അസി. സ്റ്റേഷൻ ഓഫീസർ സുനിലിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ രാജേന്ദ്രൻ പിള്ള, റെസ്ക്യൂ ഓഫീസർമാരായ രതീഷ്, സന്തോഷ്, അജീഷ്, അതുൽ, സന്തോഷ് കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.