പുനലൂർ:വികസന മുരടിപ്പ് അനുഭവപ്പെട്ടിരുന്ന സംസ്ഥാനത്തെ ആധുനിക കേരളമാക്കി പുനർ നിർമ്മിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ വാക്ക് പാലിച്ചെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.പുനലൂരിൽ ഇടത് മുന്നണി സ്ഥാനാർത്ഥി പി.എസ്.സുപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം നഗരസഭയിലെ ചെമ്മന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കൊവിഡ്,പ്രളയ, ദുരിതാശ്വാസ കാലയളവിൽ ഇച്ഛാശക്തിയോടെയായിരുന്ന് സർക്കാർ പ്രവർത്തിച്ചത്.എന്നാൽ ഈ കാലയളവിൽ പ്രതിപക്ഷം സർക്കാരിനെയും മുഖ്യമന്ത്രിയെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രം ജനങ്ങളോട് സ്നേഹം കാണിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാടുകൾ മനസിലാക്കി സുപാലിന് വോട്ട് ചെയ്യണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.മുൻ നഗരസഭ ചെയർമാൻ എം.എ രാജഗോപാൽ അദ്ധ്യക്ഷതവഹിച്ചു.മന്ത്രി കെ.രാജു, നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാം, ഇടത് മുന്നണി നേതാക്കളായ എസ്.ബിജു, എം.സലീം, സി.അജയപ്രസാദ്, കെ.ബാബു പണിക്കർ, സുജചന്ദ്ര ബാബു, ജോബോയ് പേരേര തുടങ്ങിയവർ സംസാരിച്ചു.