ചവറ: വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന തരത്തിൽ നവകേരളം സൃഷ്ടിക്കുകയാണ് ഇടതുസർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചവറ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടപ്പള്ളിക്കോട്ടയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റും. കൊവിഡിന്റെ ആരംഭത്തിൽ വികസിത രാഷ്ട്രങ്ങൾ വിറങ്ങലിച്ചുനിന്നപ്പോൾ ലോകം കൊച്ചു കേരളത്തെ മാതൃകയാക്കി. എൽ.ഡി.എഫിനെ വിമർശിക്കുന്ന മാദ്ധ്യമങ്ങൾ പോലും സർവേയിലൂടെ പറയുന്നത് തുടർഭരണത്തിനാണ് സാദ്ധ്യതയെന്നാണ്. പ്രവർത്തകർ സർവേയിൽ മയങ്ങിപ്പോകരുതെന്നും തിരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടത്തിൽ ജാഗ്രതയോടും ചിട്ടയോടും കൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോ. സുജിത്ത് വിജയൻ പിള്ളയ്ക്ക് വലിയ ഭൂരിപക്ഷം നേടിക്കൊടുക്കാൻ അത്മാർത്ഥമായി ഒന്നിച്ചു നീങ്ങണമെന്ന് അദ്ദേഹം പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
എൽ.ഡി.എഫ് ചവറ നിയോജക മണ്ഡലം കൺവീനർ ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. മുല്ലക്കര രത്നാകരൻ, സൂസൻ കോടി, ഡോ. സുജിത്ത് വിജയൻപിള്ള, സോമപ്രസാദ് എം.പി എന്നിവർ സംസാരിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ സ്വാഗതം പറഞ്ഞു.
ആയിരക്കണക്കിന് പ്രവർത്തകർ രാവിലെ 10 മണിമുതൽ തന്നെ ഇടപ്പള്ളിക്കോട്ടയിലെ സമ്മേളന നഗരിയിൽ തടിച്ചുകൂടിയിരുന്നു. 12 മണിയോടെയാണ് മുഖ്യമന്ത്രി എത്തിയത്. മുദ്രാവാക്യം വിളികളോടെ ആവേശകരമായ സ്വീകരണമാണ് ചവറയിൽ മുഖ്യമന്ത്രിക്ക് ലഭിച്ചത്.