
 ദുര്യോഗം നേരിട്ടത് കോവൂരിന്
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ കുന്നത്തൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോനെ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ പിടിച്ചുതള്ളി. ഇന്നലെ രാവിലെ ചക്കുവള്ളിയിൽ എൽ.ഡി.എഫ് കൺവെൻഷൻ വേദിക്കു മുന്നിലായിരുന്നു സംഭവം.
പാർട്ടി പ്രവർത്തകനെന്ന് തെറ്റിദ്ധരിച്ചാണ് അംഗരക്ഷകൻ ഇടപെട്ടത്. തൃശൂർ തേക്കിൻകാട് മൈതാനത്ത് മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൽ, അദ്ദേഹം വേദി വിട്ടതിനു പിന്നലെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബിജോണിനെ ഒരാൾ തള്ളിവീഴ്ത്തിയിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം നടന്നുവരികയായിരുന്ന കുഞ്ഞുമോനെ പെട്ടെന്ന് അംഗരക്ഷകൻ തടഞ്ഞ് തള്ളിമാറ്റുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഉടൻ തന്നെ അംഗരക്ഷകന്റെ കൈ പിടിച്ചു മാറ്റി. മുന്നിൽ നടന്നുപോകാനും അദ്ദേഹം കുഞ്ഞുമോനാട് നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്കൊപ്പം കുഞ്ഞുമോൻ വേദിയിലേക്ക് നടന്നുകയറുകയും ചെയ്തു. ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിൽ വൈറലായതോടെ, മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ തന്നെ വേദിയിലെത്തിക്കാനാണ് ശ്രമിച്ചതെന്ന വിശദീകരണവുമായി കോവൂർ കുഞ്ഞുമോൻ രംഗത്തെത്തി.