തുടർഭരണത്തിന്റെ സൂചനയെന്ന്
കൊല്ലം: ജില്ലയിൽ മുഖ്യമന്ത്രി പങ്കെടുത്ത അഞ്ച് എൽ.ഡി.എഫ് കൺവെൻഷനുകളിലും ആയിരങ്ങൾ പുഴ പോലെ ഒഴുകിയെത്തി. കൊല്ലം ക്യു.എ.സി മൈതാനത്തെ ഊഷ്മാവ് പെട്ടെന്നാണ് കുതിച്ചുയർന്നത്. അവർ ആർത്തുവിളിച്ചു, സഖാവ് പിണറായി സിന്ദാബാദ്. എൽ.ഡി.എഫ് സിന്ദാബാദ്, നവകേരള ക്യാപ്ടൻ സിന്ദാബാദ്.
ആവേശം കെടുത്തുമെന്ന പ്രതീതിയിൽ ചെറു ചാറ്റൽ മഴയെത്തി. ഒപ്പം ഇടിമിന്നലും ക്യു.എ.സി മൈതാനത്തെ പലതവണ ഞെട്ടിച്ചു. പക്ഷെ ജനസാഗരം പതറിയില്ല. അവർ സിന്ദാബാദ് വിളിച്ചുകൊണ്ടേയിരുന്നു. പാതയോരങ്ങളെ മുദ്രാവാക്യങ്ങളാൽ പ്രകമ്പനം കൊള്ളിച്ചാണ് ക്യു.എ.സി മൈതാനത്തേക്ക് പ്രവർത്തകരെത്തിയത്. എൽ.ഡി.എഫ് നേതാക്കൾ പോലും ഇങ്ങനെയൊരു ജനക്കൂട്ടം പ്രതീക്ഷിച്ചിരുന്നില്ല. തിരക്ക് നിയന്ത്രിക്കാൻ പൊലീസിനും പാടുപെടേണ്ടി വന്നു.
ക്യു.എ.സി മൈതാനം നിറഞ്ഞുകവിഞ്ഞ് റോഡിലും സമീപത്തെ കെട്ടിടങ്ങളിലും ജനം തിക്കിത്തിരക്കി. ഇതിനിടയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനമെത്തി. ഗോൾമുഖത്തേക്ക് ഫോർവേർഡ് പ്ലെയർ പന്തുമായി മുന്നേറുമ്പോൾ ഫുട്ബാൾ ഗാലറി ഇളകിമറിയുന്നത് പോലെ ക്യു.എ.സി മൈതാനം ആർത്തിരമ്പി. വേദിയിലെത്തിയ അദ്ദേഹം കൈ ഉയർത്തി അഭിവാദ്യം ചെയ്തപ്പോൾ മുദ്രാവാക്യങ്ങൾ ഹൃദയം പൊട്ടുമാറുച്ചത്തിലായി.
വമ്പിച്ച ജനക്കൂട്ടത്തെ കുറിച്ചാണ് പിണറായി പ്രസംഗിച്ച് തുടങ്ങിയത്. സംസ്ഥാനത്ത് തുടർഭരണമെന്ന് കേരളജനത ഉറപ്പിച്ചതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞതോടെ കൈയടിയും മുദ്രാവാക്യവും വീണ്ടും ഒരുമിച്ചുയർന്നു. ക്യു.എ.സി മൈതാനത്തിലേതിന് സമാനമായ ജനക്കൂട്ടമായിരുന്നു കുന്നത്തൂരിലും ചവറയിലെ ഇടപ്പള്ളിക്കോട്ടയിലും പിന്നീട് കൊട്ടാരക്കരയിലും കണ്ടത്. സന്ധ്യയ്ക്ക് പാരിപ്പള്ളിയിൽ നടന്ന എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷന് ആയിരങ്ങളെത്തിയതോടെ ദേശീപാതയിലൂടെയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു.
ആടിനെ നൽകിയ ഉമ്മയ്ക്ക് ആദരവ്
പ്രളയക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആടുകളെ സംഭാവന ചെയ്ത കൊല്ലം ജോനകപ്പുറം സ്വദേശി സുബൈദയെ എൽ.ഡി.എഫ് കൺവെൻഷൻ വേദിയിൽ ആദരിച്ചു. ആപത്ത് വരുമ്പോൾ ഒത്തൊരുമിച്ച് കൈകോർക്കുന്ന സുബൈദ ഉമ്മയെ പോലുള്ളവരാണ് നാടിന്റെ ശക്തിയെന്ന് എം. മുകേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ എം. മുകേഷ് എം.എൽ.എ സുബൈദ ഉമ്മയ്ക്ക് പൂച്ചെണ്ട് സമ്മാനിച്ചു.