
ശാസ്താംകോട്ട: സംഘപരിവാറിന്റെ അക്രമ രാഷ്ട്രീയം ഇവിടെ നടക്കാത്തതും മതനിരപേക്ഷത തകരാത്തതും ഇടതുപക്ഷം കേരളം ഭരിക്കുന്നതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചക്കുവള്ളിയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെ രാജ്യത്തിന്റെ മതനിരപേക്ഷത നഷ്ടപ്പെട്ടു. ഭരണഘടനയെ തകർക്കുന്ന സമീപനമാണ് ബി.ജെ.പി സ്വീകരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായ കുന്നത്തൂർ കുഞ്ഞുമോനിലൂടെ നിലനിറുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ആർ.എസ്. അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ശിവശങ്കരപ്പിള്ള, സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോൻ, നേതാക്കളായ കെ. സോമപ്രസാദ് എം.പി, കെ.ആർ. ചന്ദ്രമോഹൻ, ടി.ആർ. ശങ്കരപ്പിള്ള, പി.കെ. ഗോപൻ, എം. ശിവശങ്കരൻ നായർ, എം. ഗംഗാധര കുറുപ്പ്, ടി. അനിൽ, സി.കെ. ഗോപി, വഴുതാനത്ത് ബാലചന്ദ്രൻ, എസ്. ദിലീപ്കുമാർ, സാബു ചക്കുവള്ളി തുടങ്ങിയവർ പ്രസംഗിച്ചു.