amma
കുണ്ടറ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്‌സിക്കുട്ടിഅമ്മയെ നാട്ടുകാർ സ്വീകരിക്കുന്നു

കൊല്ലം: അതീവശ്രദ്ധയോടെ നാടകം ആസ്വദിക്കുന്ന ജനങ്ങളെയാണ് സ്വീകരണ കേന്ദ്രത്തിലെത്തിയ ജെ. മേഴ്സിക്കുട്ടിഅമ്മ കണ്ടത്. ജനക്കൂട്ടത്തെ പിടിച്ചിരുത്തിയ നാടകം കാണാൻ കുണ്ടറയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും അവർക്കൊപ്പം സ്ഥാനംപിടിച്ചു. അപ്പോഴാണ് ഒരുകാര്യം മനസിലായത്, നാടകകൃത്ത് പി.ജെ. ഉണ്ണിക്കൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച 'വികസനം വാണീടും കാലം' എന്ന നാടകമാണ് അവിടെ അരങ്ങേറുന്നത്. പിണറായി സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ വികസനമുന്നേറ്റം ദൃശ്യവത്കരിക്കുന്ന നാടകം കണ്ട ജനങ്ങളോട് പിന്നീട് കൂടുതലൊന്നും സംസാരിക്കേണ്ടി വന്നില്ല മേഴ്സിക്കുട്ടിഅമ്മയ്ക്ക്.

ഇളമ്പള്ളൂർ പഞ്ചായത്തിലെ കുറ്റിമുക്കായിരുന്നു മേഴ്‌സിക്കുട്ടിഅമ്മയുടെ ആദ്യ സ്വീകരണ കേന്ദ്രം. പുഷ്പങ്ങൾ വിതറിയും റോസാപ്പൂക്കൾ നൽകിയുമാണ് സ്വീകരണ കേന്ദ്രങ്ങളിൽ മേഴ്സിക്കുട്ടിഅമ്മയെ ജനങ്ങൾ വരവേറ്രത്. മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചായാരുന്നു വോട്ട് അഭ്യർത്ഥന. ഇളമ്പള്ളൂരിലെ സ്വീകരണ കേന്ദ്രങ്ങളിൽ അടഞ്ഞുകിടന്ന ഫാക്ടറികൾ തുറന്നതിന്റെയും കാപ്പക്‌സ്, കോർപ്പറേഷൻ ഫാക്ടറികൾ തുറന്നതിന്റെയും നന്ദി പ്രകടനമായിരുന്നു ജനങ്ങൾക്ക്. ആലുംമൂട് എല്ലുകുഴി കോളനിയിലെത്തിയ മേഴ്സിക്കുട്ടിഅമ്മയെ തോമസ് എന്ന വയോധികൻ വീൽച്ചെയറിലെത്തി സ്വീകരിച്ചതും ആവേശമായി.

ശാഖാമുക്കിൽ കുടിവെള്ള പ്രശ്നം ചൂണ്ടിക്കാട്ടിയവരോട് ജപ്പാൻ കുടിവെള്ള പദ്ധതിയിലൂടെ വെള്ളമെത്തിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം കാണുമെന്ന് മേഴ്സിക്കുട്ടിഅമ്മ ഉറപ്പുനൽകി. യുവാക്കളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെ കോവിൽമുക്കിലെ സ്വീകരണ കേന്ദ്രത്തിലെത്തിയ സ്ഥാനാർത്ഥിയെ പ്ലക്കാർഡുകളേന്തിയ കുട്ടികൾ പൂക്കൾ നൽകിയാണ് വരവേറ്റത്. നാട്ടുവഴികൾ താണ്ടി വോട്ടർമാരുടെ ഹൃദയാഭിവാദ്യം ഏറ്റുവാങ്ങിയ മേഴ്സിക്കുട്ടിഅമ്മയുടെ ആദ്യദിനത്തിലെ സ്വീകരണ പര്യടനം പെരുമ്പുഴ സെറ്റിൽമെന്റ് കോളനിയിൽ സമാപിച്ചു.