തഴവ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മറ്റൊരപകടത്തിൽ മരണമടഞ്ഞു. ആലപ്പാട് അഴീക്കൽ പുത്തൻവീട്ടിൽ രാജീവന്റെ ഭാര്യ അജിതയാണ് (46) ദുരന്തത്തിന് ഇരയായത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ ആലപ്പാട് ചെറിയഴീക്കൽ വച്ച് ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു ആദ്യ അപകടം. തലയ്ക്ക് പരിക്കേറ്റ അജിതയെ നാട്ടുകാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ദേശീയപാതയിൽ വവ്വാക്കാവ് ട്രാഫിക് ജംഗ്ഷനിൽ വച്ച് 5.20 ഓടെയായിരുന്നു രണ്ടാമത്തെ അപകടം.

ട്രാഫിക് ജംഗ്ഷൻ മുറിച്ചുകടക്കുന്നതിനിടെ എത്തിയ സൂപ്പർ ഫാസ്റ്റ് ആംബുലൻസിനെ ഇടിച്ച് തെറിപ്പിച്ചു. സ്ട്രച്ചറിൽ കിടത്തിയിരുന്ന അജിതയുടെ തല ഡ്രൈവർ കാബിനിലിടിച്ച് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭർത്താവ്, മകൻ അർജ്ജുൻ, മരുമകൻ സുനീഷ്, ആംബുലൻസ് ഡ്രൈവർ അഖിൽ ഉദയൻ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് ടെസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് വിട്ടുനൽകും. ഓച്ചിറ പൊലീസ് കേസെടുത്തു. മകൾ: അതുല്യ.