
കൊല്ലം: ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ മൂവായിരം ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി യു.ഡി.എഫ് സ്ഥാനാർത്ഥി ബാബുദിവാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രാഥമികാന്വേഷണത്തിൽ 1,392 പേർക്ക് രണ്ട് തിരിച്ചറിയൽ കാർഡുകൾ ഉള്ളതായി വ്യക്തമായി. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി ജനഹിതം അട്ടിമറിക്കാൻ ഭരണകക്ഷി ബോധപൂർവം ശ്രമിക്കുകയാണ്. എല്ലാ ഇരട്ട വോട്ടർമാരുടെയും വോട്ടവകാശം മരവിപ്പിക്കണം. കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുകൾക്ക് പരാതി നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ, കെ.പി.സി.സി സെക്രട്ടറി ബേബിസൺ, ആർ.എസ്.പി നേതാക്കളായ ടി.സി. വിജയൻ, സജി.ഡി. ആനന്ദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.