ചാത്തന്നൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ചാത്തന്നൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന് മുന്നിൽ വിവിധ കോളനികളിലെ താമസക്കാർ സങ്കടങ്ങളുടെ കെട്ടഴിച്ചു. സംസ്ഥാന സർക്കാരും തദ്ദേശ ഭരണക്കാരും മാറിമാറി വന്നിട്ടും തങ്ങളുടെ സങ്കടങ്ങൾക്കും ദുരിതങ്ങൾക്കും അറുതിയായില്ലെന്ന് സ്ത്രീകൾ വിതുമ്പിക്കൊണ്ട് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതികൾ കോളനികളിലേക്ക് എത്തിക്കുമെന്ന ഉറപ്പ് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം പരവൂർ പാറയിൽ കോളനി, സുനാമി കോളനി എന്നിവിടങ്ങളിലായിരുന്നു ഗോപകുമാറിന്റെ പര്യടനം. രാവിലെ കൊട്ടിയം ഏരിയാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിന് ശേഷം ആദിച്ചനല്ലൂർ മേഖലയിലെ കടകമ്പോളങ്ങളും പ്രധാന ജംഗ്ഷനുകളും വീടുകളും സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. തിരുവനന്തപുരത്ത് നടന്ന അമച്വർ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണവും വെങ്കലവും നേടിയ സഹോദങ്ങളായ ആതിത്യനെയും ആരോമലിനെയും ഉളിയനാടുള്ള വീട്ടിലെത്തി അനുമോദിച്ചു.
രണ്ടാംഘട്ട പ്രചരണത്തിന്റെ ഭാഗമായി ബി.ബി. ഗോപകുമാറിന്റെ സ്വീകരണ പരിപാടിക്ക് ഇന്ന് തുടക്കമാകും. രാവിലെ 9ന് പൂയപ്പള്ളി കുന്നിൽഭാഗം തച്ചക്കോട് നിന്ന് ആരംഭിക്കും. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം ബി.ഐ. ശ്രീനാഗേഷ് ഉദ്ഘാടനം ചെയ്യും. തുടർന്ന് തച്ചക്കോട് ക്ഷേത്രം, കുന്നുംവാരം, പാലമുക്ക്, മീയണ്ണൂർ, നാൽക്കവല, വിഷ്ണു ക്ഷേത്രം, ചെപ്രമുക്ക്, മുടിയൂർക്കോണം, കുരിശിൻമൂട്, തിരിച്ചൻകാവ്, കാറ്റാടി, വോട്ടുമല, മൈലോട്, മാവേലിമുക്ക്, കായില, നെല്ലിപ്പറമ്പ് ക്ഷേത്രം, കോഴിക്കോട്, മരുതമൺപള്ളി, ഭഗവതിക്കര, സാമിൽ ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും. വൈകിട്ട് 7ന് പൂയപ്പള്ളി ജംഗ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്യും. സ്ത്രീകളടക്കം നൂറ് കണക്കിന് പേരെ പങ്കെടുപ്പിച്ച് സ്വീകരണ പരിപാടി ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ എല്ലായിടത്തും പൂർത്തിയായി.