കൊട്ടാരക്കര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കരയിൽ എത്തിയ മുഖ്യമന്ത്രിയ്ക്ക് മുന്നിലേയ്ക്ക് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ജനസാഗരം ഒഴുകിയെത്തി. ഒപ്പം ആവേശത്തോടെയുള്ള കണ്ണേ കരളേ പിണറായീ എന്നുള്ള മുദ്രാവാക്യം വിളികളുമുയർന്നു. പാർട്ടി പ്രവർത്തകർ മാത്രമായിരുന്നില്ല, മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ പൊതുസമൂഹം മുഴുവൻ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ അമ്പലക്കര ഗ്രൗണ്ടിലേക്ക്എത്തി. മുഖ്യമന്ത്രിയെത്തും മുൻപുതന്നെ യോഗം ആരംഭിച്ചിരുന്നു. ഇടയ്ക്കാണ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലെത്തിയത്. ബാലഗോപാലിന്റെ ആവേശകരമായ പ്രസംഗം നടക്കുന്നതിനിടെ ക്യാപ്ടൻ എത്തുന്നതിന്റെ ആരവം മുഴങ്ങി. അതുവരെ പിടിച്ചുനിറുത്തിയ ആവേശമൊക്കെ മുദ്രാവാക്യംവിളികളായി മാറുകയായിരുന്നു.കനത്ത സുരക്ഷാ സംവിധാനങ്ങളുടെ ഇടയിലും പ്രവർത്തകരെ കണ്ടപ്പോൾ ചിരിച്ചും അഭിവാദ്യം ചെയ്തുമാണ് പിണറായി വേദിയിലേക്ക് നടന്നത്. വേദിയിലെത്തിയ ഉടൻതന്നെ കൊട്ടാരക്കരയുടെ സ്നേഹോപഹാരം നഗരസഭ ചെയർമാൻ എ.ഷാജു മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു. തൊട്ടുപിന്നാലെ വൈകല്യത്തെ മറന്ന് ഒറ്റക്കൈകൊണ്ട് നിർമ്മിച്ച ശില്പം കോട്ടാത്തല പടിഞ്ഞാറ് ഇടക്കടമ്പ് സ്വദേശി സനിലും ചിത്രകാരനായ കോട്ടാത്തല വനജാലയത്തിൽ എസ്.സുരേഷ് ചിരട്ടയിൽ വരച്ച പിണറായിയുടെ ചിത്രവും കവി അരുൺകുമാറിന്റെ കാവ്യശില്പവും മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചു. അമ്പലക്കര ഗ്ളോബൽ ഫിലിംസ് നിർമ്മിച്ച ജനനായകൻ എന്ന ഗാനോപഹാരത്തിന്റെ സി.ഡി പ്രകാശനം നഗരസഭ ചെയർമാൻ എ.ഷാജുവിന് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംഗീത സംവിധായകൻ ഔസേപ്പച്ചനും ചടങ്ങിൽ പങ്കെടുത്തു. മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗത്തിന് ശേഷമാണ് പിണറായി വിജയൻ വേദി വിട്ടത്.കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പിണറായി വിജയന്റെ വരവോടെ പുത്തൻ ഊർജ്ജം കൈവന്നിട്ടുണ്ട്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി 28ന് രാവിലെ 10ന് നെടുമൺകാവിലുമെത്തുന്നുണ്ട്.