
കൊല്ലം: മത്സ്യത്തൊഴിലാളികൾ നേരിടുന്ന അവഗണയും തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങളും ജീവിത സാഹചര്യങ്ങളുമാണ് കൊല്ലം രൂപത പുറത്തിറക്കിയ ഇടയലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ളതെന്നും അതിനാൽ മുഖ്യമന്ത്രി കൊല്ലം രൂപതയെ വിമർശിച്ചത് ശരിയായില്ലെന്നും കൊല്ലം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു.
കഴിഞ്ഞ നാലര വർഷം ഡി.സി.സി പ്രസിഡന്റായിരിക്കെ ജില്ലയിലുടനീളമുള്ള പ്രശ്‌നങ്ങളിൽ ഇടപെട്ടിരുന്നെങ്കിലും പരമ്പരാഗത തൊഴിൽ മേഖലയിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. അന്ന് മുതൽ മത്സ്യത്തൊഴിലാളികൾ നേരിടുന്ന അവഗണനകൾ നേരിട്ട് ബോദ്ധ്യള്ളതാണ്. ആഴക്കടൽ മത്സ്യബന്ധന കരാർ പിൻവലിച്ചത് തന്നെ അരുതാത്തത് സംഭവിച്ചെന്നതിന് തെളിവാണ്. മത്സ്യത്തൊഴിലാളികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ കടലിന്റെ മക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ സംബന്ധിച്ച് കൊല്ലം രൂപത തയ്യാറാക്കിയ ഇടയലേഖനം മുഖ്യമന്ത്രി സ്വാഗതം ചെയ്യേണ്ടിയിരുന്നുവെന്നും ബിന്ദുകൃഷ്ണ കൂട്ടിച്ചേർത്തു.
അവകാശം കടലിന്റെ മക്കൾക്ക്
കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് മാത്രമാണെന്നും ആഴക്കടൽ മത്സ്യബന്ധന നീക്കങ്ങളുമായി മന്നോട്ടുപോകാൻ തീരുമാനിച്ചാൽ മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായി ചെറുക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. ആഴക്കടൽ വിവാദത്തിൽ കൂടുതൽ തെളവുകൾ പുറത്തുവന്ന സാഹചര്യത്തിൽ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
ജില്ലാ പ്രസിഡന്റ് ബിജു ലൂക്കോസ് അദ്ധ്യക്ഷനായി. ജോർജ്.ഡി. കാട്ടിൽ, ആർ. രമണൻ, എൻ. മരിയൻ, എഫ്. അലക്‌സാണ്ടർ, ജെ. സെബാസ്റ്റ്യൻ, ജി. റഡോൾഫ്, എഗർ സെബാസ്റ്റ്യൻ, ബാബമോൻ, ബേബിച്ചൻ, ബൈജു തോമസ്, ആഷിക്, ഗിബ്‌സൺ, സാജൻ, ബ്രൂണോ, അജി, ഗ്രേസി തുടങ്ങിയവർ പങ്കെടുത്തു.