
കൊല്ലം: മീനച്ചൂടിനെ വെല്ലുന്ന തിരഞ്ഞെടുപ്പ് ചൂടിലാണ് തൂക്കുപാലത്തിന്റെ നാടായ പുനലൂർ. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് പുനലൂർ. തൂക്കുപാലം ഉൾപ്പടെ ചരിത്ര പ്രധാനമായ പല സംഭവങ്ങളും ഉൾപ്പെടുന്ന പുനലൂർ നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ചൂടും കൊടുമുടിയിലാണ്. സി.പി.ഐയുടെ ചുവന്ന കോട്ടയാണ് പുനലൂർ. ആകെ നടന്ന 16 തിരഞ്ഞെടുപ്പുകളിൽ 13ലും ജയം സിപിഐ സ്ഥാനാത്ഥികൾക്കൊപ്പമായിരുന്നു. തുടർച്ചയായ ഏഴാം ജയമാണ് സി.പി.ഐ ഇത്തവണ ലക്ഷ്യമിടുന്നത്. എന്നാൽ, ചരിത്രം തിരുത്താമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും ബി.ജെ.പിയും.
1957ൽ ഒന്നാം നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ പി ഗോപാലൻ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1960ൽ കെ. കൃഷ്ണപിള്ളയും 1967ൽ എം.എൻ.ജി നായരും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 1970ൽ കെ. കൃഷ്ണപിള്ള ഒരിക്കൽകൂടി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 1977ലും 1980ലും പി.കെ. ശ്രീനിവാസനാണ് തിരഞ്ഞെടുക്കപ്പെട്ടത്.
1982ലാണ് ആദ്യമായി സി.പി.ഐ ഇതര പാർട്ടി മണ്ഡലത്തിൽ ജയിക്കുന്നത്, കേരള കോൺഗ്രസ് (ജെ)യുടെ സാം ഉമ്മനാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വർഷത്തിനപ്പുറം നടന്ന സുരേന്ദ്രൻ പിള്ളയും കേരള കോൺഗ്രസ് സീറ്റിൽ ജയിച്ചു. 1987ൽ ചിത്തരഞ്ജനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച സി.പി.ഐയ്ക്ക് എന്നാൽ 1991ൽ വീണ്ടും അടിതെറ്റി. ഇത്തവണ കോൺഗ്രസിന്റെ പുനലൂർ മധു വിജയിച്ചു. 1996ൽ മണ്ഡലം തിരികെ പിടിക്കാൻ സി.പി.ഐ നിയോഗിച്ചത് മുതിർന്ന നേതാവ് പി.കെ. ശ്രീനിവാസനെയായിരുന്നു. പാർട്ടി നീക്കം ഫലം കണ്ടെങ്കിലും അതേവർഷം അദ്ദേഹം മരിച്ചതോടെ വീണ്ടും തിരഞ്ഞെടുപ്പ്. ശ്രീനിവാസന്റെ മകൻ പി.എസ്. സുപാലാണ് ആ തിരഞ്ഞെടുപ്പിൽ ജയിച്ചത്. 2001ലും അദ്ദേഹം വിജയം ആവർത്തിച്ചു. 2006 മുതൽ കെ. രാജുവാണ് നിയമസഭയിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2016 ഹാട്രിക് വിജയം തേടിയാണ് കെ.രാജു പുനലൂരിലെത്തുന്നത്. ഓരോ തവണയും വോട്ട് വിഹിതം കൂട്ടി വന്ന രാജു മൂന്നാം അങ്കത്തിലും തിളക്കമാർന്ന വിജയമാണ് സ്വന്തമാക്കിയത്. 33582 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിലെ യൂനുസ് കുഞ്ഞുവിനെ കെ. രാജു പരാജയപ്പെടുത്തുന്നത്. ആകെ വോട്ട് വിഹിതത്തിൽ രണ്ട് ശതമാനത്തിലധികം വർധനവുണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു.
1996ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് പാർട്ടി യുവജന - വിദ്യാർത്ഥി സംഘടനകളിൽ സജീവമായിരുന്ന സുപാലിനെ സി.പി.ഐ പുനലൂരിൽ മത്സരിക്കാൻ തിരഞ്ഞെടുത്തത്. ഭാരതീപുരം ശശിയെ പരാജയപ്പെടുത്തി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും രണ്ടാം തവണ ഭൂരിപക്ഷം കുറഞ്ഞ്. 15 വർഷങ്ങൾക്ക് ശേഷം സി.പി.ഐ വീണ്ടും പുനലൂരിൽ സുപാലിനെ ഇറക്കുകയാണ്. സർക്കാരിന്റെ വികസന-ജനക്ഷേമ പ്രവർത്തനങ്ങൾ തന്നെയാണ് ഇടതുമുന്നണി പ്രചാരണ വിഷയമാക്കുന്നത്.
യു.ഡി.എഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന പുനലൂർ സീറ്റിൽ അബ്ദുറഹ്മാൻ രണ്ടത്താണിയാണ് മത്സരിക്കുന്നത്. താനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിട്ടുണ്ടെങ്കിലും പുനലൂരിൽ ആദ്യമായാണ് അബ്ദുറഹ്മാൻ രണ്ടത്താണി ജനവിധി തേടുന്നത്. സർക്കാർ വിരുദ്ധ വോട്ടുകളിലൂടെ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്ന് യു.ഡി.എഫ് കരുതുന്നു.
ആയൂർ മുരളി ബി.ജെ.പി സ്ഥാനാർത്ഥി
ഇടതു-വലതു മുന്നണികൾക്കൊപ്പം എൻ.ഡി.എ സ്ഥാനാർത്ഥിയായി ആയൂർ മുരളിയും പുനലൂരിൽ മത്സരരംഗത്തുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ശബരില വിഷയവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളും സ്വർണക്കള്ളക്കടത്തും ലൈഫ് കോഴയും മത്സ്യബന്ധകരാറുൾപ്പെടെയുള്ള വിഷയങ്ങളും ഉയർത്തിക്കാട്ടിയാണ് ബി.ജെ. പി ജനവിധി തേ
ടുന്നത്.
പുനലൂർ നഗരസഭയും പത്തനാപുരം താലൂക്കിലെ അഞ്ചൽ, ആര്യങ്കാവ്, ഇടമുളയ്ക്കൽ, ഏരൂർ, കരവാളൂർ, കുളത്തൂപ്പുഴ, തെൻമല പഞ്ചായത്തുകളും ചേർന്നതാണ് പുനലൂർ നിയോജക മണ്ഡലം. സി.പി.ഐ ഏറ്റവും കൂടുതൽ തവണവിജയിച്ച മണ്ഡലമാണ് പുനലൂർ. 2016ലെ കണക്കനുസരിച്ച് 204628 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
#വോട്ട് നില (2016)
എ.യുനൂസ് കുഞ്ഞ് (മുസ്ളിം ലീഗ്)-48,554
കെ.രാജു (സി.പി.ഐ)-82,146
കെ.സി. സിസിൻ- 10,558
ഭൂരിപക്ഷം- 33,582