കരുനാഗപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശരിക്കുള്ള വീറുംവാശിയും കാണണമെങ്കിൽ ആലപ്പാട് ഗ്രാമ പഞ്ചായത്തിലെത്തണം. അറബിക്കടലിനും ടി.എസ് കനാലിനും ഇടയിൽ വാലുപോലെ നീണ്ടുകിടക്കുന്ന പച്ചത്തുരുത്താണ് കരുനാഗപ്പള്ളി മണ്ഡലത്തിലെ കടലോര ഗ്രാമമായ ആലപ്പാട്. തെക്ക് വെള്ളനാതുരുത്ത് മുതൽ വടക്കോട്ട് കായംകുളം മത്സ്യബന്ധന തുറമുഖം വരെ 17 കിലോമീറ്റർ നീളത്തിലുള്ള പ്രദേശം. മത്സ്യബന്ധനമാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ ആലപ്പാട് ഗ്രാമം ചൂടേറിയ രാഷ്ട്രീയ ചർച്ചകളുടെ വേദിയായി മാറുകയാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും ഏറെ വേരോട്ടമുള്ള പ്രദേശമാണിത്. അടുത്ത കാലത്തായി ആലപ്പാടിന്റെ ചില ഭാഗങ്ങളിൽ ബി.ജെ.പിയും നിർണായക ശക്തിയാവുന്നുണ്ട്. തീർത്ഥാടന കേന്ദ്രമായ മാതാ അമൃതാനന്ദമയി മഠം സ്ഥതി ചെയ്യുന്നത് ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പറയക്കടവിലാണ്.
പ്രചാരണം സജീവം
തിരഞ്ഞെടുപ്പ് ചൂടേറിയതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണവും ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ സജീവമായി. ഗ്രാമ പഞ്ചായത്തിലൂടെ കടന്നുപോകുന്ന തീരദേശ റോഡിന്റെ ഇരുവശങ്ങളും ഇടത്, വലത്, എൻ.ഡി.എ മുന്നണികൾ കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. ബൂത്ത് ഒാഫീസുകളെല്ലാം സജീവമായി. ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും മാറിമാറി പിന്തുണയ്ക്കാറുണ്ട് ആലപ്പാട്. എന്നാൽ നിയമസഭാ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ സാധാരണ ഇടതുപക്ഷത്തിനാണ് മുൻതൂക്കം ലഭിക്കാറുള്ളത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആലപ്പാട്ടുകാർ ആരെ പിന്തുണയ്ക്കുമെന്നത് കണ്ടറിയണം.
ആകെ വോട്ടർമാർ 18101
ഏകദേശം 3961 കുടുംബങ്ങളാണ് ആലപ്പാട് ഗ്രാമ പഞ്ചായത്തിലുള്ളത്. ആകെയുള്ള 18101 വോട്ടർമാരിൽ 9150 പേർ സ്ത്രീകളാണ്. സ്ത്രീശാക്തീകരണ രംഗത്തും ആലപ്പാട് മറ്റ് ഗ്രാമ പഞ്ചായത്തുകൾക്ക് മാതൃകയാണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ. മഹേഷും എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീറും പല തവണ ആലപ്പാട്ട് ഗ്രാമ പഞ്ചായത്തിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചിരുന്നു.