flasgs

കൊല്ലം: വീടുകളും കടകമ്പോളങ്ങളും കയറിയിറങ്ങി വോട്ട് ആഭ്യർത്ഥിച്ചിരുന്ന സ്ഥാനാർത്ഥികൾ ഇപ്പോൾ പടനായകരപ്പോലെ സർവ സന്നാഹങ്ങളുമിറിക്കി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. എല്ലാ മുന്നണികളും ഒരുപോലെ സ്വീകരണ പര്യടനം തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടം യുദ്ധത്തിന്റെ പ്രതീതിയിലേക്ക് ഉയർന്നു.

യുദ്ധഭൂമിയിൽ രാജാവ് തേർ തെളിച്ച് പോകുന്നതുപോലെ സ്ഥാനാർത്ഥി തുറന്ന വാഹനത്തിൽ ജനങ്ങളെ ആഭ്യവാദ്യം ചെയ്ത് ഇടവഴികളിലൂടെ സഞ്ചരിക്കുന്നു. മുന്നിലും പിന്നിലും പടയാളികളെപ്പോലെ പാർട്ടി പ്രവർത്തകർ ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളിച്ച് അനുഗമിക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ ജനക്കൂട്ടം സ്ഥാനാർത്ഥികളെ ഹാരങ്ങൾ ചാർത്തിയും പൂക്കൾ വിതറിയും സ്വീകരിക്കുന്നു. പുഷ്പവൃഷ്ടി നടത്തുന്ന പ്രവർത്തകന്റെയും ഹാരങ്ങൾ ഏറ്റുവാങ്ങാൻ തലകുനിക്കുന്ന സ്ഥാനാർത്ഥിയുടെയും ഉള്ളിൽ തീയാണ്.

ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. അടുത്തിടെ പുറത്തുവന്ന സർവേ ഫലങ്ങൾ ഒരു മുന്നണിയും മുഖവിലയ്ക്കെടുത്തിട്ടില്ല. അവസാന നിമിഷം വരെ സകലശക്തിയും ഉപയോഗിച്ച് പോരാടാനാണ് തീരുമാനം.

 മനസിളക്കാൻ മുന്നണികൾ

ജനങ്ങൾ പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ഇനി പത്ത് ദിവസമേയുള്ളു. സ്ഥാനാർത്ഥി പര്യടനത്തിന് സമാന്തരമായി ബൂത്ത് തലങ്ങളിൽ കൺവെൻഷനുകളും കുടുംബയോഗങ്ങളും നടക്കുന്നു. മേഖലാ തലം മുതൽ മുകളിലോട്ട് മുന്നണികളുടെ പ്രചാരണ അവലോകനം പാതിരാത്രി വരെ നീളുന്നു. നിറം മങ്ങിയവയ്ക്ക് പകരം സ്ഥാനാർത്ഥി ചിരിക്കുന്ന പുതിയ പോസ്റ്ററുകളും ഫ്ലക്സുകളുമെത്തുന്നു. റോഡുവക്കുകളിലെല്ലാം തോരണങ്ങളും പാർട്ടി പതാകകളും നിറഞ്ഞുകഴിഞ്ഞു. പോളിംഗ് ബൂത്തിൽ കയറുന്നതിന് തൊട്ട് മുൻപും വോട്ടറുടെ മനസിളക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ.

 ചൂടാറാതെ ചർച്ചകൾ

ചായക്കടകൾ, പാർട്ടി ആസ്ഥാനങ്ങൾ, സർക്കാർ ഓഫീസുകൾ എല്ലായിടത്തും ഒന്നുമാത്രമാണ് ചർച്ച. ആര് ജയിക്കും?. സ്വന്തം മണ്ഡലത്തെ കുറിച്ച് മാത്രമല്ല ആശങ്ക. ജില്ലയും കടന്ന് സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും മത്സരങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ട്. 140 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ ജാതകവും രാഷ്ട്രീയ അന്തരീക്ഷവും അരച്ചുകലക്കി കുടിച്ചവർ പോലുമുണ്ട്. ചർച്ചകൾ തർക്കങ്ങളിലേക്കും ചിലപ്പോൾ കൈയാങ്കളിയുടെ വക്കോളവുമെത്തുന്നുമുണ്ട്. പാർട്ടി പ്രവർത്തകർക്ക് പുറമേ സാധാരണ ജനങ്ങളും തിരഞ്ഞെടുപ്പ് ആവേശത്തിലാണ്.

 വോട്ടെടുപ്പിന്:

10 നാൾ