
അന്വേഷണ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്
കൊല്ലം: തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിൽ ജില്ലയിൽ എണ്ണായിരത്തോളം വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ പലതവണ ആവർത്തിച്ചതായി കണ്ടെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച ഇരട്ട വോട്ട് പരാതിയിലെ പേരുകൾ വോട്ടർ പട്ടികയുമായി നേരിട്ട് താരതമ്യം ചെയ്തും പ്രത്യേക സോഫ്ട്‌വെയർ ഉപയോഗിച്ചുമാണ് ആവർത്തിച്ച് ഉൾപ്പെട്ടിട്ടുള്ളവരെ കണ്ടെത്തിയത്.
ഒരാഴ്ച മുൻപാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ ആറ് താലൂക്കുകളിലെയും വോട്ടർ പട്ടിക പരിശോധിക്കാനായി നിയോഗിച്ചത്. കൊല്ലം താലൂക്കിൽ ഏഴായിരത്തോളം ഇരട്ടവോട്ടുകളുണ്ടെന്ന പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചത്. ഇതിൽ രണ്ടായിരത്തോളം വോട്ടർമാരുടെ പേരുകൾ ഒന്നിലധികം തവണ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി കണ്ടെത്തി. പട്ടികയിൽ മൂന്നിടത്ത് ഉൾപ്പെട്ടിട്ടുള്ളവരുമുണ്ട്. താലൂക്ക് തല സ്ക്വാഡുകൾ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക കമ്മിഷന് കൈമാറി. കമ്മിഷന്റെ നിർദ്ദേശ പ്രകാരം വരും ദിവസങ്ങളിൽ തുടർ നടപടി സ്വീകരിക്കും.
ഒരിടത്ത് മാത്രം വോട്ട്
ഒന്നിലധികം സ്ഥലത്ത് ഉൾപ്പെട്ടിട്ടുള്ളവരെ ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ. ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ കഴിയില്ല. അതുകൊണ്ട് ആവർത്തിച്ച് ഉൾപ്പെട്ടിട്ടുള്ളവരുടെ പേര് ഓരോ പോളിംഗ് ഓഫീസർമാർക്കും കൈമാറും. ഒന്നിലേറെ സ്ഥലത്ത് പേരുള്ളവരെ ഏറ്റവും ഒടുവിൽ പേര് ചേർക്കപ്പെട്ടിടത്തേ വോട്ട് ചെയ്യാൻ അനുവദിക്കൂ.
പിഴവിന്റെ വഴികൾ
1. വോട്ടർപട്ടികയിൽ പേര് ചേർക്കാൻ രാജ്യം മുഴുവൻ ഉപയോഗിക്കുന്നത് ഇ.ആർ.ഒ നെറ്റ് സോഫ്ട്‌വെയർ
2. കൊവിഡ് കാലത്ത് ഇലക്ഷൻ തിരിച്ചറിയിൽ കാർഡ് കിട്ടാൻ വൈകി
3. ഇവർ അപേക്ഷ കൃത്യമായിരിക്കില്ലെന്ന് കരുതി വീണ്ടും അപേക്ഷിച്ചു
4. താമസം മാറിയവർ സ്ഥലം മാറ്റുന്നതിന് പകരം വീണ്ടും അപേക്ഷിച്ചു
5. അക്ഷയ കേന്ദ്രങ്ങളിലുണ്ടായ സാങ്കേതിക തകരാറുകൾ
6. രണ്ടുവർഷം മുൻപ് വരെ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത് ഇ.ആർ.എം.എസ് സോഫ്ട്‌വെയർ
7. ഇതിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾ വീണ്ടും അപേക്ഷിച്ചാൽ നിരസിക്കും
8. പുതിയ സോഫ്ട്‌വെയറിൽ അതിനുള്ള സംവിധാനമില്ല
''
ഒരാളുടെ പേര് ഒന്നിലധികം തവണ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയല്ല. സോഫ്ട്‌വെയറിലെ അപാകതയാണ്.
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം