കൊല്ലം: കേന്ദ്ര സർക്കാരിന്റെ പുതിയ വൈദ്യുതി നിയമ ഭേദഗതിയുടെ കരട് രാജ്യത്തെ വൈദ്യുതി മേഖലയിൽ ദൂരവ്യാപകമായി ദോഷഫലങ്ങൾ ഉണ്ടാക്കുന്നതാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസാർ അസീസ് പറഞ്ഞു. കേരളാ ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫഡറേഷൻ (ഐ.എൻ.ടി.യു.സി) കൊല്ലം ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കുവാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി സാധാരണക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതോടൊപ്പം രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡന്റ് പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വിരേന്ദ്രകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡെയ്സിൽ ആന്റണി, ഷീബാ തമ്പി, കെ.സി. ഫെലിക്സ്, അമൃത് ലാൽ, ഷിഹാബുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു. യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി പ്രത്യേക സ്ക്വാഡും യോഗത്തിൽ രൂപീകരിച്ചു.