voting

കൊല്ലം: ഇരവിപുരം നിയോജക മണ്ഡലത്തിൽ അയ്യായിരത്തിൽപ്പരം കള്ളവോട്ടുകൾ കണ്ടെത്തിയതായി യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കള്ളവോട്ടുകൾ മരവിപ്പിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ടി.സി. വിജയൻ മണ്ഡല വരണാധികാരിക്കും ജില്ലാ കളക്ടർക്കും കേരള ചീഫ് ഇലക്ട്രൽ ഓഫീസർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.

ഒരേ ബൂത്തിൽ ഒരാൾക്ക് ഒന്നിൽ കൂടുതൽ വോട്ടുകൾ, ഒരേ ആളിന് ഒരേ വാർഡിലെ വിവിധ ബൂത്തുകളിൽ വോട്ടുകൾ, ഒരേ ഫോട്ടോയിൽ വിവിധ പേരിലും മേൽവിലാസത്തിലും വോട്ടുകൾ തുടങ്ങി ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു.

വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് ഇടത് സർവീസ് സംഘടനകളിലെ നേതാക്കളെ തിരഞ്ഞെടുത്താണ് കൃത്രിമം നടത്തിയത്. ഒന്നിൽ കൂടുതൽ വോട്ടുകൾ ഉള്ളത് റദ്ദ് ചെയ്ത് പുതിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ പോളിംഗ് നടത്തണം. കൃത്രിമം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ - അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ടി.സി. വിജയൻ പരാതിയിൽ ആവശ്യപ്പെട്ടു.