photo

കൊല്ലം: നന്മയുടെ സുഗന്ധം പരത്തിയ നാല്പത്തിരണ്ടാണ്ടിന്റെ ചാരിതാർത്ഥ്യത്തോടെയാണ് ജി. വിശ്വംഭരൻ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നത്.

പിന്നിട്ട നാളുകളിൽ സമുദായത്തിലെ ഒട്ടേറെപ്പേരെ ജീവിതത്തിന്റെ ഉന്നതിയിലേക്ക് കൈപിടിച്ച് നടത്താനായതും അനേകർക്ക് ജീവിത സാഹചര്യങ്ങൾ ഒരുക്കിനൽകിയതുമൊക്കെ ജി. വിശ്വംഭരന്റെ കർമ്മ മണ്ഡലത്തിലെ മേന്മകളായി തിളങ്ങും. ട്യൂട്ടോറിയൽ കോളേജ് അദ്ധ്യാപകനായിരിക്കെയാണ് കോട്ടാത്തല തുണ്ടിൽ വീട്ടിൽ ജി. വിശ്വംഭരൻ 1970ൽ കോട്ടാത്തല പണയിൽ ദേവീക്ഷേത്ര ഭരണസമിതി സെക്രട്ടറിയായത്. അടുത്ത വർഷം കോട്ടാത്തല 714ാം നമ്പർ ശാഖാ സെക്രട്ടറിയായി. സി.കെ. ശിവദാസനായിരുന്നു അന്ന് പ്രസിഡന്റ്. അടുക്കും ചിട്ടയുമായി സെക്രട്ടറി എന്ന തലത്തിൽ മെച്ചപ്പെട്ട പ്രവർത്തനം നടത്തിയതിന്റെ ഫലമായി 1973ൽ കൊട്ടാരക്കര യൂണിയൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ജി. ഗുരുദാസാണ് അന്ന് പ്രസിഡന്റ്. അറുപത് രൂപ വാടകയുള്ള എസ്.എൻ.വി പ്രസിന്റെ മുകളിലത്തെ നിലയിലെ കുടുസുമുറിയിലായിരുന്നു യൂണിയൻ ഓഫീസ് പ്രവർത്തിച്ചിരുന്നത്. രണ്ടുവർഷം പിന്നിട്ടപ്പോഴേക്കും അറുപത് ലക്ഷം മുടക്കി യൂണിയനുവേണ്ടി ഭൂമി വാങ്ങി. സ്വന്തമായി ആസ്ഥാന മന്ദിരവുമൊരുക്കി.

ആർ. ശങ്കറുടെ പേര് യൂണിയന് നൽകിയതിന്റെ പേരിൽ കൊല്ലത്തുള്ള സമുദായ സ്നേഹികൾ വലിയ തുക യൂണിയന് ഭൂമിവാങ്ങാനായി സംഭാവനയും നൽകി. പടിപടിയായി യൂണിയൻ പ്രവർത്തനം മെച്ചപ്പെടുത്തി ഇന്നിപ്പോൾ കൊട്ടാരക്കര പട്ടണത്തിന്റെ കണ്ണായ ഭാഗത്ത് ബഹുനില ആസ്ഥാന മന്ദിരവും എട്ടുകോടി രൂപയുടെ ആസ്തിയുമുള്ള യൂണിയനുമായി കൊട്ടാരക്കര മാറി. ജി. ഗുരുദാസും കെ.എൻ. സത്യപാലനുമാണ് പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങിനിറുത്തിയിരുന്ന യൂണിയൻ ഭാരവാഹികളെന്ന് വിശ്വംഭരൻ ഓർക്കുന്നു.

അന്നും ഇന്നും മാർഗദീപമായി അവരുടെ ഓർമ്മകളാണ് നയിക്കുന്നതും. നീണ്ട നാല്പത്തിരണ്ട് വർഷം കൊട്ടാരക്കര യൂണിയൻ സെക്രട്ടറിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിലൂടെ യോഗ ചരിത്രത്തിലെ അപൂർവ നേട്ടത്തിനും വിശ്വംഭരൻ ഉടമയായി. പതിനഞ്ച് തിരഞ്ഞെടുപ്പുകളിൽ എതിരില്ലാതെയും നാല് തവണ മത്സരത്തിലൂടെയുമാണ് യൂണിയൻ സെക്രട്ടറി സ്ഥാനത്തെത്തിയത്. എസ്.ആർ.പി ജില്ലാ പ്രസിഡന്റായിരുന്ന വേളയിൽ ഒരു തവണ പരാജയപ്പെട്ടു. വിശ്വംഭരൻ സെക്രട്ടറിയാകുമ്പോൽ 62 ശാഖകളാണ് യൂണിയനിൽ ഉണ്ടായിരുന്നത്. അതിൽ നിന്ന് കടയ്ക്കൽ യൂണിയൻ വിഭജിച്ച് മാറി. ഇപ്പോൾ പുതുതായി ഉൾപ്പെട്ടതുൾപ്പെടെ സുശക്തമായ 92 ശാഖകളാണ് കൊട്ടാരക്കര യൂണിയനിലുള്ളത്. യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങളുടെ അംഗീകാരമെന്ന നിലയിൽ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തിക്കുന്നതിനായി യോഗം ബോർഡ് മെമ്പർ സ്ഥാനത്തേക്കാണ് പുതിയ നിയോഗം. ഇന്ന് യൂണിയന്റെ വാർഷിക പൊതുയോഗത്തിൽ വരവ് ചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചാണ് ജി. വിശ്വംഭരൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് പടിയിറങ്ങുക. പരേതയായ എ. പ്രസന്നയാണ് ഭാര്യ. മകൻ: വി.പി. പ്രവീൺ. മരുമകൾ: ഡോ. തത്ത ദമനൻ.