
കൊല്ലം: വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥിച്ച് ഇരവിപുരം മണ്ഡലം പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ. ഇന്നലെ വൈകിട്ട് താന്നിമുക്കിലെ സുനാമി കോളനിയിലെത്തിയ സ്ഥാനാർത്ഥിയോട് വോട്ടർമാർ തങ്ങളുടെ ദുരവസ്ഥ വിശദീകരിച്ചു.
'കണ്ടോ സാറേ ഇവിടുത്തെ അവസ്ഥ, എല്ലാക്കാലവും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഓരോരുത്തർ വരും ഓരോന്ന് പറയും, പിന്നെ ഇവരെ കാണുന്നത് അഞ്ചുകൊല്ലത്തിന് ശേഷമാണ് '- മാലിന്യം കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി ഒരു സ്ത്രീ പറഞ്ഞു. 'എറിയാൻ അറിയുന്നവന് നിങ്ങൾ വടി കൊടുക്കൂ, എറിഞ്ഞിടും, പരിഹാരവുമുണ്ടാകും' രഞ്ജിത്തിന്റെ മറുപടി. തന്നെ ജയിപ്പിച്ചാൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യത്തിന് ഊന്നൽ നൽകിയായിരിക്കും പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 7ന് മേവറത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ ശേഷമാണ് എല്ലാ ദിവസവും പ്രചാരണ പരിപാടി തുടങ്ങുന്നത്. പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർത്ഥന. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും സംസ്ഥാന സർക്കാരിന്റെ അഴിമതിയുമൊക്കെയാണ് മുഖ്യപ്രചാരണായുധം. യു.ഡി.എഫിന്റെ കെടുകാര്യസ്ഥതയും അഴിമതിക്ക് കൂട്ടുനിൽക്കുന്നതുമൊക്കെയുള്ള ആരോപണങ്ങളും പ്രചാരണത്തിൽ ഉന്നയിക്കുന്നുണ്ട്. വോട്ടർമാർ ഇത്തവണ മാറിചിന്തിക്കും.
കാവിക്കൊടി പാറിക്കും
ഇത്തവണ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇരവിപുറത്ത് കാവിക്കൊടി പാറും. ജനകീയ നിലപാട് സ്വീകരിക്കുന്ന എൻ.ഡി.എയെ കൈയൊഴിയാൻ ഇരവിപുരത്തെ ജനങ്ങൾക്കാവില്ല. മാറി മാറിവന്ന സർക്കാരുകൾ ഇരവിപുരം മണ്ഡലത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പിലൂടെ ജനം അതിന് മറുപടി നൽകും. തന്റെ വിജയം ഉറപ്പാണെന്നും രഞ്ജിത്ത് രവീന്ദ്രൻ പറയുന്നു.