babu

കൊല്ലം: ചന്നം പിന്നം ചാറ്റൽമഴ, പതിവിനേക്കാൾ ക്രൗര്യത്തിലാണ് കടൽ. തിര ആർത്തലച്ച് മണൽ വിഴുങ്ങി മടങ്ങുന്നു. കടൽ ഒരുപാട് കണ്ണീർ പെയ്യിച്ചിട്ടുള്ള മുണ്ടയ്ക്കൽ പാപനാശനത്തെ റോഡിലൂടെ ഒരുകൂട്ടം ആളുകൾ നടന്നുനീങ്ങുന്നു. കൂട്ടത്തിൽ ഖദർധാരികളുണ്ട്, സ്ത്രീകളുണ്ട്, ചെറുപ്പക്കാരുണ്ട്, വൃദ്ധരുണ്ട്. അവരുടെയെല്ലാം മുന്നിൽ ഇരവിപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബുദിവാകരൻ.

പാപനാശനത്തെ വീടുകൾ കയറി വോട്ട് ചോദിക്കുകയാണ് ബാബുദിവാകരൻ. അദ്ദേഹം നടന്നെത്തുമ്പോൾ തന്നെ തീരവാസികളിൽ പലരും കടലിന്റെ ക്രൂരതയെ കുറിച്ചാണ് പറയുന്നത്. ഒപ്പം അധികാരികളുടെ നിസംഗതയെ കുറിച്ചും. അപ്പോൾ ബാബുദിവാകരൻ അവരെ ആശ്വസിപ്പിച്ച് പറയും, മാറ്റമുണ്ടാകും. നിങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്യണം. കേരളത്തിൽ മാറ്റമുണ്ടാകും. അങ്ങനെ നിങ്ങളുടെ പ്രശ്നങ്ങൾക്കും പരിഹാരമാകും. ബാബുദിവാകരന് ഇരവിപുരത്ത് ആമുഖത്തിന്റെ ആവശ്യമില്ല. എന്നാൽ കാണുന്ന എല്ലാവരോടും ആദ്ദേഹം ആദ്യം സ്വയം പരിചയപ്പെടുത്തും. അപ്പോൾ ചിലർ പറയുന്നുണ്ട്. ഞങ്ങൾക്കറിയാം. ടി.കെ. ദിവാകരന്റെ മകൻ. അതുകൊണ്ട് തന്നെ പഴയ തലമുറക്കാർ വലിയ ആവേശത്തോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തുന്നുണ്ട്.

 അഴിമതിക്കെതിരെ വിധിയെഴുതും

എൽ.ഡി.എഫ് സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളാണ് ബാബുദിവാകരൻ പ്രധാനമായും ഉയർത്തുന്നത്. സ്പീക്കർ എന്തിന് ഇത്രയേറെ തവണ വിദേശയാത്ര നടത്തി. എന്തിന് യോഗ്യതയില്ലാത്തവർക്ക് ലക്ഷങ്ങൾ ശമ്പളമുള്ള ജോലി പിൻവാതിലിലൂടെ നൽകി. ഇതൊക്കെ ജനങ്ങൾക്ക് അറിയാം. അവർ പ്രതികരിക്കും. ഒപ്പം ഇരവിപുരത്തെ വികസന പ്രശ്നങ്ങളും ഉയർത്തുന്നു. വോട്ട് ചോദിച്ചെത്തുമ്പോൾ ജനങ്ങളിൽ നിന്ന് അനുകൂല പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞു.