ശാസ്താംകോട്ട: കുന്നത്തൂരിൽ ഇടത്, വലത്, എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സ്വീകരണ പരിപാടികൾ പുരോഗമിക്കുന്നു. വേനൽ മഴയിലും പ്രവർത്തകരുടെ ആവേശത്തിന് ഒരു കുറവും വന്നിട്ടില്ല. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരണ സ്ഥലത്തെത്തുന്ന സ്ഥാനാർത്ഥികളെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള പ്രവർത്തകർ ഹാരമണിയിച്ചാണ് സ്വീകരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന് പടിഞ്ഞാറേ കല്ലട, മൺറോത്തുരുത്ത് പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. ഇന്ന് ശൂരനാട് വടക്ക് പഞ്ചായത്തിലാണ് സ്വീകരണ പരിപാടി. എൻ.ഡി.എ സ്ഥാനാർത്ഥി രാജി പ്രസാദിന്റെ മണ്ഡലംതല സ്വീകരണ പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ പവിത്രേശ്വരം പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ സ്വീകരണം നൽകി. മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഇന്ന് സ്വീകരണം നൽകും. ഇടതുപക്ഷ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന് മൈനാഗപ്പള്ളി പഞ്ചായത്തിന്റെ വടക്ക്, പടിഞ്ഞാറ് മേഖലകളിൽ സ്വീകരണം നൽകി. കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലാണ് ഇന്നത്തെ സ്വീകരണം.