കൊല്ലം: ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കിയ ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിന്റെ സ്വീകരണ പരിപാടികൾക്ക് തുടക്കമായി. ഇന്നലെ പൂയപ്പള്ളി പഞ്ചായത്തിലെ വിവിധ മേഖലകളിലായിരുന്നു സ്വീകരണം. സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകളുടെ ബാഹുല്യം ശ്രദ്ധേയമായിരുന്നു. അമ്മമാരും സഹോദരിമാരുടെയും സ്നേഹത്തിന് നന്ദിയർപ്പിച്ചാണ് ഗോപകുമാർ ഓരോ കേന്ദ്രത്തിലെയും സ്വീകരണങ്ങളിൽ പങ്കെടുത്തത്.
വൈകിട്ടോടെ പെയ്ത മഴയിലും ആവേശം ചോരാതെ പ്രവർത്തകരും അണികളും നാട്ടുകാരും സ്ഥാനാർത്ഥിയെ സ്വീകരിക്കാനായി കാത്തുനിന്നു. പൂയപ്പള്ളി മേഖലയിലെ കശുഅണ്ടി, തൊഴിലുറപ്പ് തൊഴിലാളികൾ, കൃഷിക്കാർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവർ ബി.ബി. ഗോപകുമാറിനെ വരവേൽക്കാനെത്തിയത് പ്രവർത്തകരെ അക്ഷരാർത്ഥത്തിൽ ആവേശത്തിലാക്കി. ഗോപകുമാറെന്ന അദ്ധ്യാപകനെ സ്വീകരിക്കുവാൻ അദ്ദേഹത്തിന്റെ ധാരാളം ശിഷ്യരും കാത്തുനിൽപ്പുണ്ടായിരുന്നു. മറ്റിടങ്ങളിലെ സ്വീകരണത്തിൽ പങ്കെടുക്കാനും ഒപ്പം സഞ്ചരിക്കാനുമൊക്കെ ശിഷ്യർ താൽപ്പര്യംകാട്ടുകയും വോട്ടർമാരോട് വോട്ടഭ്യർത്ഥിക്കാൻ മുന്നിലെത്തുകയും ചെയ്തു.
'അമ്മമാർക്ക് മകനായി, സഹോദരിമാർക്ക് സഹോദരനായി, പ്രദേശവാസികൾക്ക് നാട്ടുകാരനായി, സുഹൃത്തായി ആവേശോജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങുന്നതിനായി നിങ്ങളുടെ സ്വന്തം ബി.ബി. ഗോപകുമാർ ഇതാ ഈ വഴിത്താരയിലൂടെ കടന്നുവരുന്നു... ' അനൗൺസ്മെന്റ് വാഹനം പതിയെ അടുത്ത സ്വീകരണ സ്ഥലത്തേക്ക് നീങ്ങി. ഓരോ വോട്ടും ഉറപ്പിച്ച് സ്ഥാനാർത്ഥിയും പ്രവർത്തകരും പിന്നാലെ പുറപ്പെട്ടു.