കൊല്ലം: വലിയ ആത്മവിശ്വാസത്തോടെയാണ് ഇടത് മുന്നണി സ്ഥാനാർത്ഥിയായി കെ.എൻ.ബാലഗോപാൽ കൊട്ടാരക്കരയിൽ അങ്കത്തട്ടിൽ കയറിയത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതൃ നിരയിൽ പ്രവർത്തിച്ചപ്പോഴും സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയിലെത്തിയപ്പോഴും കൊട്ടാരക്കര മണ്ഡലത്തിന്റെ മുക്കിലും മൂലയും സൗഹൃദങ്ങൾ സൃഷ്ടിക്കുവാൻ ബാലഗോപാലിന് കഴിഞ്ഞിരുന്നു. അതിനും അപ്പുറം രാജ്യസഭാ എം.പിയായ വേളയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ഇവിടേക്ക് കൊണ്ടുവരാനുമായി. എസ്.എഫ്.ഐ ഭാരവാഹിയായിരിക്കുന്ന വേളയിൽ കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പറാവുകയും അതുവഴി യൂണിവേഴ്സിറ്റി ഇൻഫർമേഷൻ സെന്റർ കൊട്ടാരക്കരയിൽ തുടങ്ങാനായതുമാണ് ഈ മേഖലയിലെ തുടക്കം. വി.എസ്.അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയെന്ന നിലയിൽ കൊട്ടാരക്കരയുടെ വികസനത്തിനായി പി.ഐഷാപോറ്റി എം.എൽ.എയുടെ പദ്ധതികളെല്ലാം സാദ്ധ്യമാക്കുന്നതിന് ബാലഗോപാലിന്റെ കരങ്ങൾ പ്രവർത്തിച്ചിരുന്നു. രാജ്യസഭാ എം.പിയായപ്പോൾ 2010 മുതൽ 2016 വരെ ആറു വർഷക്കാലംകൊണ്ട് 1.59 കോടി രൂപയുടെ വികസനം കൊട്ടാരക്കര മണ്ഡലത്തിൽ എത്തിച്ചത് അഭിമാനത്തോടെ ഈ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ എടുത്തുപറയുന്നുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ ഐ.സി യൂണിറ്റും ആംബുലൻസും അനുവദിച്ചതും വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക മേഖലകളിലും അടിസ്ഥാനസൗകര്യ വികസനത്തിനും തുക അനുവദിച്ചതും നേട്ടങ്ങളുടെ പട്ടികയിലുണ്ട്.
രാജ്യസഭ എം.പിയായിരിക്കെ അനുവദിച്ച തുക
1. മെഡിക്കൽ ഐ.സി.യു, കൊട്ടാരക്കര താലൂക്ക് ആശുപത്രി(17 ലക്ഷം )
2. ആംബുലൻസ്, താലൂക്ക് ആശുപത്രി (10 ലക്ഷം)
3. വൈദ്യുതീകരണം, എഴുകോൺ പഞ്ചായത്ത് (10 ലക്ഷം)
4. ആനക്കോട്ടൂർ - ചണ്ണക്കപ്പാറ റോഡ് (8 ലക്ഷം)
5. നെടുമൺകാവ് സി.എച്ച്.സി(14 ലക്ഷം)
6. പാലക്കോട് എൽ.പി.എസ് (9 ലക്ഷം)
7. കൊട്ടാരക്കര യു.ഐ.ടി കെട്ടിടം (10 ലക്ഷം)
8. കുളക്കട സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം (14 ലക്ഷം)
9. നവോദയ വിദ്യാലയം (15 ലക്ഷം)
10. കുടിവെള്ള പദ്ധതി, ഉമ്മന്നൂർ(5 ലക്ഷം)
11. കുടിവെള്ള പദ്ധതി, മൈലംകുളം( 5 ലക്ഷം)
12. ചുറ്റുമതിൽ എം.എസ്.സി.എൽ.പി.എസ്, കലയപുരം (2 .5 ലക്ഷം)
13. അകമൺ - വായനമൂല റോഡ് , ഉമ്മന്നൂർ (6 ലക്ഷം)
14. ഈയക്കുന്ന് റോഡ് , കരീപ്ര (7 ലക്ഷം)
15. ദേശസേവിനി വായനശാല, ആനക്കോട്ടൂർ (6 ലക്ഷം)
16. കാക്കക്കോട്ടൂർ വായനശാല (5 ലക്ഷം)
17. ചുറ്റുമതിൽ, കുളക്കട സി.എച്ച്. സി (4.5 ലക്ഷം)
18. ഹൈമാസ്റ്റ് ലൈറ്റ്, മൈലം (5 ലക്ഷം)
19. വിവിധ സ്കൂളുകളിൽ കമ്പ്യൂട്ടർ (6 ലക്ഷം)