
കൊല്ലം: മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, കൊവിഡ് ബാധിതർ, ക്വാറന്റൈനിൽ കഴിയുന്നവർ തുടങ്ങിയവരുടെ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യൽ ബാലറ്റ് വോട്ട് ശേഖരണം ജില്ലയിൽ ആരംഭിച്ചു. തിരഞ്ഞെടുപ്പ് ദിവസം നേരിട്ടെത്തി വോട്ട് രേഖപ്പെടുത്താൻ കഴിയാത്തവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ ബാലറ്റ് എത്തിച്ച് വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുകയാണ് ചെയ്യുന്നത്.
സ്‌പെഷ്യൽ പോളിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ കൊല്ലം മണ്ഡലത്തിലെ കച്ചേരി, കൊട്ടാരക്കരയിലെ വാളകം, ഇരവിപുരത്തെ ചിന്നക്കട, ചാത്തന്നൂരിലെ ചിറക്കര എന്നീ മേഖലകളിലാണ് ഇന്നലെ വോട്ടിംഗ് നടന്നത്. സ്‌പെഷ്യൽ പോളിംഗ് ഓഫീസർ, പോളിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ, സിവിൽ പൊലീസ് ഓഫീസർ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്നതാണ് സംഘം.
വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പറുകൾ പ്രത്യേകം സജ്ജീകരിച്ച ബോക്‌സുകളിൽ ശേഖരിച്ച് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാരുടെ കാര്യാലയത്തിൽ സൂക്ഷിക്കും. നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്തും. ഏപ്രിൽ രണ്ടുവരെ സ്‌പെഷ്യൽ ബാലറ്റ് വോട്ടിനായി അപേക്ഷിച്ചവരുടെ വീടുകളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തുക.