കൊല്ലം: ഇരവിപുരം തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെയും കുടുംബത്തിന്റെയും വോട്ടുകൾ ഉറപ്പിച്ച് ഇരവിപുരത്തെ എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ. ഇരവിപുരം, കാക്കത്തോപ്പ്, താന്നി ഭാഗങ്ങളിലെ തീരദേശമേഖലയിലും വലിയവിള മത്സ്യത്തൊഴിലാളി ഫ്ളാറ്റുകളിലുമായിരുന്നു രഞ്ജിത്തിന്റെ ഇന്നലത്തെ തിരഞ്ഞെടുപ്പ് പര്യടനം.
തീരദേശത്തെ വീടുകൾ കയറിയിറങ്ങി നേരിട്ടുള്ള വോട്ടഭ്യർത്ഥന. പുലിമുട്ട് നിർമ്മാണവും കടൽകയറ്റവും റോഡ് തകർച്ചയുമൊക്കെയാണ് ചർച്ചാവിഷയം. വോട്ട് വാങ്ങുക എന്നതിലുപരി തങ്ങൾക്കാരുമില്ലെന്ന പരാതിയും പരിഭവുമെല്ലാം നാട്ടുകാർ സ്ഥാനാർത്ഥിയോട് പങ്കുവച്ചു. കാലാകാലങ്ങളിൽ മാറിവരുന്ന സർക്കാരുകൾ മത്സ്യത്തൊഴിലാളികൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കും, വാർത്താശ്രദ്ധ നേടുകയും ചെയ്യും. എന്നാൽ ഇവയിൽ പകുതിയും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. തീരദേശത്തുള്ളവർ എങ്ങനെയും കഴിഞ്ഞോളുമെന്ന നിലപാടാണ് അധികൃതർക്ക്,' പരാതികൾ തീരുന്നില്ല.
'ഞാനുണ്ടാകും ഒപ്പം, പരിഹരിക്കാൻ കഴിയുന്ന എല്ലാ വിഷയങ്ങളും ഞാൻ പരിഹരിച്ചുതരും' ഉറപ്പ് നൽകുകയാണ് രഞ്ജിത്ത് രവീന്ദ്രൻ. 'ഇവരുടെ ദുരിതം കാണാൻ ആരും മിനക്കെട്ടില്ല, വിജയിച്ചുവന്നാൽ ആദ്യ പരിഗണന തീരദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണുന്നതിനായിരിക്കുമ്മെന്ന് രഞ്ജിത്തിന്റെ നിലപാട്.