kollam

കൊല്ലം: കൊല്ലം മണ്ഡലത്തിലാര് തുണായാകുമെന്ന ആകാംക്ഷയിലാണ് വോട്ടർമാർ. വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പ്രചാരണമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് നടത്തുന്നതെങ്കിൽ വികസന മുരടിപ്പും നേരിട്ടുള്ള ജനസമ്പർക്കവുമില്ലാത്ത എം.എൽ.എയുടെ പ്രവർത്തനവും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ബിന്ദുകൃഷ്ണ മുന്നേറുന്നത്. ഇരുവരെയും പിന്തള്ളി മാറിമാറി വന്ന സർക്കാരുകളുടെ ഇരട്ടത്താപ്പ് നയം മൂലം വലയുന്ന സാധാരണക്കാരെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിൽ ചൂണ്ടിക്കാട്ടുന്നത്. ഇവരിലാരെ കൊല്ലത്തിന്റെ വോട്ടർമാർ തുണയ്ക്കുമെന്ന സംശയത്തിലാണ് പ്രവർത്തകരും ജില്ലയിലെ രാഷ്ട്രീയ നിരീക്ഷകരും.

നിലവിലെ എം.എൽ.എ എം. മുകേഷ് വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചുവെന്ന കാര്യത്തിൽ സംശയമില്ലെങ്കിലും അദ്ദേഹത്തെ കാണാൻ പോലും കിട്ടിയില്ലെന്നത് മണ്ഡലത്തിൽ പൊതുവെയുള്ള പരാതിയാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ബിന്ദുകൃഷ്ണ മണ്ഡലത്തിൽ സജീവമായിരുന്നെങ്കിലും ജനവികാരത്തെ മാനിച്ച് പൊതുവിഷയങ്ങളിൽ ഇടപെട്ടില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. എൻ.ഡി.എ സ്ഥാനാർത്ഥി എം. സുനിൽ നേരത്തെ തന്നെ മണ്ഡലത്തിൽ സജീവമായിരുന്നെങ്കിലും പലയിടങ്ങളിലും പ്രവർത്തകർ സജീവമാകാത്തത് പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രവർത്തകരും ബി.ജെ.പി അനുഭാവികളും. എന്നാൽ വരുംദിവസങ്ങളിലെ പ്രവർത്തനവും ജനമനസും ആരെ തുണയ്ക്കുമെന്ന് കാത്തിരുന്നു കാണണം.