election

കൊല്ലം: കൊല്ലം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടകളിലൊന്നാണ് ചടയമംഗലം നിയമസഭാ മണ്ഡലം. തിരഞ്ഞെടുപ്പിന് ഏഴു ദിവസം മാത്രം അവശേഷിക്കെ മണ്ഡലത്തിൽ പോര് മുറുകുകയാണ്. വെളിയം ഭാർഗവനിൽ തുടങ്ങുന്നതാണ് ചടയമംഗലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം. ഏറ്റവും ഒടുവിൽ മുല്ലക്കര രത്നകരന്റെ ഹാട്രിക് വിജയം വരെ എത്തിനിൽക്കുമ്പോൾ ഇത്തവണ ചടയമംഗലത്തിന്റെ മനസ് ആർക്കൊപ്പമെന്നത് പ്രവചനാതീതമാണ്.

കുത്തക സീറ്റ്

സി.പി.ഐയുടെ കുത്തക സീറ്റ് പിടിച്ചെടുക്കുന്നതിനായി തിരക്കിട്ട പ്രചാരണത്തിലാണ് യു.ഡി.എഫ്. എന്നാൽ, ഇടതു കോട്ടയായ ചടയമംഗലത്ത് മറ്റൊരു മുന്നണിക്കും ഒരു വിള്ളലും ഉണ്ടാവില്ലെന്നും ജനവിധി തങ്ങൾക്കൊപ്പം തന്നെയായിരിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. അതേ സമയം കേരളത്തിൽ ആധിപത്യം ഉറപ്പാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി ശക്തമായ പോരാട്ടം നടത്തി മണ്ഡലത്തിൽ സാന്നിദ്ധ്യം അറിയിക്കാനാണ് ശ്രമിക്കുന്നത്.

ഒരുവട്ടും യു.ഡി.എഫിന്

ചടയമംഗലം മണ്ഡലം രൂപീകരിച്ച ശേഷം 2001 ൽ ഒരിക്കൽ മാത്രമാണ് ചടയമംഗലം യു.ഡി.എഫിന് ലഭിച്ചത്. എൽ.ഡി.എഫിന്റെ ഉറച്ച കോട്ട ഇത്തവണയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് മുന്നണി. ജെ ചിഞ്ചുറാണിയാണ് എൽ.ഡി.എഫ് ടിക്കറ്റിൽ ഇത്തവണ മത്സരിക്കുന്നത്. ചിഞ്ചുറാണിയെ സ്ഥാനാർത്ഥിയാക്കിയതോടെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ചടയമംഗലത്ത് ഉടലെടുത്തത്. എന്നാൽ, പിന്നീട് ഇതെല്ലാം അവസാനിച്ചത് മുന്നണിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

ചടയമംഗലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയിട്ടുള്ളത് നാട്ടുകാരനായ എം.എം നസീറിനെയാണ്. മൂന്ന് സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോഴും വോട്ടർമാർക്ക് പരിചിതനായ നേതാവിനെ സ്ഥാനാർത്ഥിയാക്കിയെന്നതാണ് തങ്ങളുടെ പ്രധാന നേട്ടമായി യു.ഡി.എഫ് ഉയർത്തിക്കാട്ടുന്നത്. ചടയമംഗലം മണ്ഡലത്തിന് സ്വന്തമായി ഒരു താലൂക്ക് ആസ്ഥാനമെന്നതാണ് യു.ഡി.എഫ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വാഗ്ദാനം.

മുല്ലക്കര മൂന്ന് ടേമിൽ

മണ്ഡലത്തെ പ്രതിനിധീകരിച്ച സിറ്റിംഗ് എം.എൽ.എ മുല്ലക്കര രത്‌നാകരൻ എടുത്തുപറയത്തക്ക ഒരു വികസനവും മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. കഴിഞ്ഞ കഴിഞ്ഞ 15 വർഷമായി മുല്ലക്കര രത്നാകരനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വോട്ടിന്റെ ബലത്തിലാണ് ബി.ജെ.പി ഇത്തവണ പ്രചാരണത്തിനിറങ്ങിയിട്ടുള്ളത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനത്തിനെയാണ് ഇതേ ലക്ഷ്യവുമായി ബി.ജെ.പി കളത്തിലിറക്കിയിട്ടുള്ളത്. യു.ഡി.എഫും ബി.ജെ.പിയും പ്രചാരണം ശക്തമാക്കുന്നതോടെ ത്രികോണ മത്സരത്തിന് വേദിയാവുന്ന ചടയമംഗലത്ത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നീക്കങ്ങളായിരിക്കും നടക്കുക.

തിരഞ്ഞെടുപ്പ് ചരിത്രം

1957ലെ പ്രഥമ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളായ വെളിയം ഭാർഗ്ഗവനാണ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 1960ലും ഭാർഗവൻ വിജയം ആവർത്തിച്ചു. 1967ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഡി.ഡി പോറ്റിയാണ് ജയിക്കുന്നത്. 1970ൽ എം.എൻ. ഗോവിന്ദൻ നായരും 1977ലും 1980ലും ഇ. ചന്ദ്രശേഖരൻ നായരും മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1982 മുതൽ 15 വർഷം കെ.ആർ. ചന്ദ്രമോഹനും പത്താം നിയമസഭയിൽ ആർ. ലതാ ദേവിയും നിയമസഭയിലെത്തി. 2001ൽ കോൺഗ്രസ് ചടയമംഗലത്ത് ചരിത്രം തിരുത്തി. പ്രയാർ ഗോപാലകൃഷ്ണനാണ് കോൺഗ്രസിനുവേണ്ടി ആദ്യമായി ചടയമംഗലത്ത് വിജയിക്കുന്നത്. എന്നാൽ 2006ൽ മുല്ലക്കര രത്നാകരനെ ഇറക്കിയാണ് സി.പി.ഐ മണ്ഡലം തിരിച്ചുപിടിച്ചത്. പിന്നീട് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും അദ്ദേഹം വിജയം ആവർത്തിച്ചു.

ഒമ്പത് പഞ്ചായത്തുകൾ

കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ എന്നിവയും പത്തനാപുരം താലൂക്കിലെ അലയമൺ എന്ന പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം.

2016ലെ കണക്കനുസരിച്ച് ചടയമംഗലം മണ്ഡലത്തിൽ ആകെ 192594 വോട്ടർമാരാണുള്ളത്. അതിൽ 89845 പുരുഷന്മാരും 102749 സ്ത്രീകളുമാണ്.