photo
എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രൻ കശുവണ്ടി തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിക്കുന്നു.

കരുനാഗപ്പള്ളി: അസംബ്ളി മണ്ഡലത്തിലെ കശുഅണ്ടി ഫാക്ടറികൾ തിരഞ്ഞെടുപ്പിന്റെ ചർച്ചാ വേദികളായി മാറുകയാണ്.ഫാക്ടറികളിൽ സ്ത്രീ തൊഴിലാളികളാണ് ഏറെയെങ്കിലും ഇവർക്കെല്ലാം രാഷ്ട്രീയം ഉണ്ട്. അതുകൊണ്ട് തന്നെയാണ് ജോലിക്കിടയിലും ഇവർ രാഷ്ട്രീയം പറയുന്നത്. രാഷ്ട്രീയ പാർട്ടികൾക്കും യൂണിയനുകൾക്കും കരുത്ത് പകരുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതും കശുഅണ്ടി തൊഴിലാളികളാണ്. ഓരോ യൂണിയനുകളും തൊഴിലാളികളെ വിളിച്ച് കൂട്ടി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വിശദീകരിക്കുകയാണ്. കശുഅണ്ടി മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജില്ലാ സംസ്ഥാന നേതാക്കളും കൂടെ കൂടെ എത്തി തൊഴിലാളികളെ രാഷ്ടീയവത്ക്കരിക്കുന്നു.

8000 ത്തോളം തൊഴിലാളികൾ

സ്ത്രീ തൊഴിലാളികൾ സംഘടിതമായി പണിയെടുക്കുന്ന തൊഴിലിടങ്ങൾ അപൂർവമാണ്.പല രാഷ്ട്രീയ പാർട്ടികളിലും വിശ്വാസമുള്ള തൊഴിലാളികളാണ് യൂണിയനുകളിൽ പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ താത്പ്പര്യം സംരക്ഷിക്കുന്ന യൂണിയൻ ഏതാണോ അതിലേക്കാണ് തൊഴിലാളികൾ ആകൃഷ്ടരാകുന്നത്. കരുനാഗപ്പള്ളി മണ്ഡലത്തിൽ 24 കശുഅണ്ടി ഫാക്ടറികളാണ് ഉള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ഫാക്ടറികൾ പ്രവർത്തിക്കുന്നത് കുലശേഖരപുരം ഗ്രാമപഞ്ചായത്തിലാണ്. ഇവിടെ മാത്രമായി 11 ഫാക്ടറികൾ ഉണ്ട്. ഉദ്ദേശം 8000 ത്തോളം തൊഴിലാളികളുമുണ്ട്. രാവിലെ 7 മണിക്ക് സജീവമാകുന്ന ഫാക്ടറികൾ വൈകിട്ട് 6 മണിയോടെയാണ് നിശ്ചലമാകുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ കാണാൻ കഴിയുമെന്നുള്ളതിനാൽ സ്ഥാനാർത്ഥികളും നേതാക്കളും പുലർച്ചെ തന്നെ വോട്ട് തേടി കശുഅണ്ടി ഫാക്ടറികളിൽ എത്തും. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രനും യു.ഡി.എഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷും എൻ.ഡി.എ സ്ഥാനാർത്ഥി ബിറ്റി സുധീറും ഒന്നിലധികം തവണ കശുഅണ്ടി ഫാക്ടറികൾ സന്ദർശിച്ച് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചിരുന്നു.