kerala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെ ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ച വിഷയങ്ങൾ വോട്ടർമാർക്കിടയിൽ ചർച്ചയാകുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പിലെന്നപോലെ ഭരണപരാജയവും ജനദ്രോഹ നടപടികളും കിരാതമായ പൊലീസ് വാഴ്ചകളും ജനങ്ങൾക്കിടയിൽ പ്രചാരണവിഷയമാകുന്നതേയില്ല
ആഴക്കടൽ മത്സ്യബന്ധനവും സ്പ്രിംഗ്ളർ വിവാദവുമുൾപ്പെടെയുള്ള വിഷയങ്ങളും ​ ശബരിമല പ്രക്ഷോഭവും കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നരനായാട്ടും ബാലറ്റിനെ സ്വാധീനിക്കുംവിധം ചർച്ചയാക്കാത്തതാണ് പരാജയമായി കണക്കാക്കപ്പെടുന്നത്.

പൊലീസിന്റെ ക്രൂരത ചർച്ചയായില്ല, നടന്നത് പട്ടാളഭരണം

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നാമജപഷോഘയാത്ര നടത്തിയവർക്കും കൊവിഡ് കാലത്ത് മാസ് ക് ധരിക്കാത്തവർക്കുമെതിരെ കേസുകളെടുത്ത് 'പട്ടാളഭരണം" നടത്തി നിയമ ലംഘനമാരോപിച്ച് വാഹനങ്ങൾ പിടികൂടി അമിത ഫൈൻ ഈടാക്കിയതും ജനങ്ങളുടെ കടുത്ത എതിർപ്പിന് കാരണമായ വിഷയങ്ങളാണെങ്കിലും അതൊന്നും സാധാരണക്കാർക്കിടയിൽ തിരഞ്ഞെടുപ്പ് ചർച്ചയ്ക്ക് വിധേയമാക്കാൻ കോൺഗ്രസിനോ ബി.ജെ.പിയ്ക്കോ വേണ്ടത്ര കഴിയുന്നില്ലെന്നാണ് വോട്ടർമാർക്കിടയിലെ ആക്ഷേപം.

കരുതലോടെയുള്ള പ്രചാരണം

ഭരണത്തുടർച്ച പ്രതീക്ഷിച്ച് പോരാട്ടത്തിനിറങ്ങിയ ഇടതുമുന്നണി തങ്ങൾക്ക് പ്രതികൂലമാകുന്ന ഇത്തരം വിഷയങ്ങളൊന്നും തിരഞ്ഞെടുപ്പിനിടെ ജനങ്ങളുടെ മനസിലേക്ക് ഓടിയെത്താൻ ഇടനൽകാത്തവിധം സൂക്ഷ്മതയോടും കരുതലോടുമാണ് പ്രചാരണത്തിൽ മുന്നേറുന്നത്. ക്ഷേമപെൻഷൻ,​ ഭക്ഷ്യധാന്യക്കിറ്റ്,​ നിപ്പ,​ കൊവിഡ് പ്രതിരോധം,​ പ്രളയഅതിജീവനം ,​കിഫ്ബി വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കഴിഞ്ഞകാലങ്ങളിൽ സർക്കാരിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ എല്ലാ ആരോപണങ്ങളെയും മറച്ച് പിടിച്ച്, ഉറപ്പാണ് എൽ.ഡി.എഫ് എന്ന വ്യക്തമായ ടാഗ് ലൈനിലാണ് മുന്നേറ്റം. ശബരിമല വിഷയം വൈകാരിക പ്രശ്നമാക്കി ഉയർത്തി നേട്ടം കൊയ്യണമെന്ന് കോൺഗ്രസും ബി.ജെ.പിയും ആഗ്രഹിക്കുന്നതിനാൽ നിയമനിർമ്മാണം ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മൗത്ത് ടു മൗത്ത് ,​ ഇയർ ടു ഇയർ ചർച്ചയാക്കി വിഷയത്തെ സജീവമാക്കാനുള്ള ശ്രമങ്ങൾ മതിയായ നിലയിലുണ്ടാകുന്നില്ലെന്നതാണ് വസ്തുത.

വീടുകളിൽ നോട്ടീസ് വിതരണം മാത്രം

വീടുകളിൽ വോട്ട് അഭ്യർത്ഥിച്ച് വരുന്നവർ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥനകളോ സ്വീകരണ പരിപാടികളുടെ നോട്ടീസോ വിതരണം ചെയ്ത് പോകുന്നതല്ലാതെ കോടിക്കണക്കിന് അയ്യപ്പഭക്തൻമാരുടെ മനസിന് മുറിവേൽപ്പിച്ച ശബരിമല പ്രശ്നം അവിടവിടെയായി ഉയരുന്നതല്ലാതെ കാര്യമായി ഉന്നയിക്കുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ പിഴവ് മുതലെടുത്ത് ഭരണമുന്നണി ശബരിമലയൊന്നും ജനങ്ങൾക്കിടയിൽ ചർച്ചയായില്ലെന്ന വിളംബരത്തോടെയാണ് വിജയാഹ്ളാദം പങ്കിട്ടത്. സമരത്തിന് തുടക്കം കുറിച്ച എൻ.എസ്.എസ് നേതൃത്വം സർക്കാരിനെ ഇപ്പോഴും ഇക്കാര്യത്തിൽ പരസ്യവിമർശനവുമായി രംഗത്തുണ്ടായിട്ടും അത് വോട്ടാക്കി മാറ്റാനുതകുംവിധത്തിലുള്ള പ്രചാരണം ഉണ്ടായിട്ടില്ല.

ലൈഫ് കോഴ,​ സ്വർണക്കള്ളക്കടത്ത്,​ മത്സ്യബന്ധന കരാർ എന്നുവേണ്ട സർക്കാരിനെ പിടിച്ചുലച്ച നിരവധി ആരോപണങ്ങൾ ഉയർന്നുവരികയും മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും ഓഫീസുൾപ്പെടെ അന്വേഷണ പരിധിയിൽ വരികയും ചെയ്തിട്ടും അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമലിലായി.

ജനങ്ങളുടെ പട്ടിണിയകറ്റാനും നാടിന്റെ വികസനം സാദ്ധ്യമാക്കാനും സർക്കാ‌ർ നടപ്പാക്കിയ പദ്ധതികളെ സജീവ ചർച്ചയാക്കിയും വോട്ടാക്കിയും ഭരണത്തുടർച്ചയെന്ന ലക്ഷ്യം ഇടതുമുന്നണി മുന്നിൽ കാണുമ്പോൾ ഇരട്ടവോട്ട്, അരിനിഷേധ ആരോപണ-പ്രത്യാരോപണങ്ങളുമായി വീണ്ടും ജനശ്രദ്ധ തിരിച്ചുവിട്ട തന്ത്രത്തിൽ വീണ് ശക്തമായി പ്രതിരോധിക്കുന്നതിൽ വേണ്ടത്ര വിജയിക്കാനാകാത്ത ദയനീയാവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികൾ.