കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ അനൗൺസ്മെന്റിലും വേറിട്ട രീതി പരീക്ഷിച്ച് വോട്ടർമാരെ ആകർഷിക്കുകയാണ് തൃക്കരുവ, കാഞ്ഞാവെളി യദുകുലത്തിൽ പ്രദീപ്കുമാർ. ഒരേ സമയം സ്ത്രീ - പുരുഷ ശബ്ദങ്ങളിൽ സംസാരിച്ചാണ് ജനങ്ങളുടെ ശ്രദ്ധ നേടുന്നത്.
സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവുമൊക്കെ ഘനഗംഭീര ശബ്ദത്തിൽ വിളിച്ചുപറഞ്ഞാണ് വാഹന പ്രചാരണം. ഇടയ്ക്കിടക്ക് സ്ത്രീ ശബ്ദവും കേൾക്കാം. രാഷ്ട്രീയ വിഷയങ്ങൾ ഇടകലർത്തിയുള്ള സ്ത്രീ ശബ്ദം കേൾക്കുമ്പോൾ ചിലർ വാഹനത്തിനടുത്തേക്കെത്തും. അപ്പോഴാണ് മനസിലാകുക ഇരുശബ്ദങ്ങളുടെയും ഉടമ ഒരാൾതന്നെയാണെന്ന്. പത്ത് വർഷം മുൻപ് ചില ക്ഷേത്രങ്ങളുടെ ഉത്സവഅറിയിപ്പും മറ്റുമായി അനൗൺസ്‌മെന്റ് രംഗത്തെത്തിയ പ്രദീപ് പിന്നീടിത് ഉപജീവന മാർഗമാക്കുകയായിരുന്നു.
ഒരിക്കൽ തമാശയ്ക്ക് സ്ത്രീ ശബ്ദത്തിൽ ഉച്ചഭാഷിണിയിലൂടെ സംസാരിച്ചു. ഒപ്പമുണ്ടായിരുന്നവർ പ്രോത്സാഹിപ്പിച്ചതോടെ അനൗൺസ്‌മെന്റ് സ്ത്രീ - പുരുഷ ശബ്ദങ്ങളിലേക്ക് മാറ്റി. അനൗൺസ്‌മെന്റ് മേഖലയിലെ വേറിട്ട രീതി പരസ്യ ഏജൻസികളെയും ആകർഷിച്ചതോടെ ജില്ലയിലെ മിക്കയിടങ്ങളിലും പ്രദീപിന്റെ ശബ്ദം ശ്രോതാക്കൾ കേട്ടുതുടങ്ങി.
കൊവിഡ് കാലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ തിരക്കിലാണിപ്പോൾ. പ്രചാരണത്തിനായി ചിലർക്ക് അനൗൺസ്‌മെന്റ് റെക്കാർഡ് ചെയ്തും നൽകുന്നുണ്ട്.