ambulance

 നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

കൊല്ലം: ജില്ലയിൽ ആംബുലൻസ് അപകടങ്ങൾ വർദ്ധിച്ചതോടെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ്. ഒരുമാസത്തിനിടെ നിരവധി അപകടങ്ങളാണ് ജില്ലയിൽ ഉണ്ടായത്. അപകട കാരണങ്ങളിൽ മുന്നിൽ ഡ്രൈവർമാരുടെ അശ്രദ്ധയാണ്. ചിലർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇതോടെയാണ് നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.

അനാവശ്യ സൈറൺ മുഴക്കി പായുന്ന ആംബുലൻസുകൾക്കെതിരെയും നടപടി സ്വീകരിക്കും. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് കരുനാഗപ്പള്ളി വവ്വാക്കാവ് ജംഗ്‌ഷനിൽ കെ.എസ്.ആർ.ടി.സി ബസുമായി ഇടിച്ച് വാഹനത്തിലുണ്ടായിരുന്ന രോഗി മരിച്ചിരുന്നു. ട്രാഫിക് സിഗ്നൽ ലംഘിച്ച് അമിതവേഗതയിൽ ആംബുലൻസ് കടന്നുവന്നതാണ് അപകടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.

 ആദ്യഘട്ടത്തിൽ ബോധവത്കരണം

മോട്ടോർ വാഹനവകുപ്പ് ആദ്യഘട്ടത്തിൽ ഉടമകൾക്കും ആംബുലൻസ് ഡ്രൈവർമാർക്കും ബോധവത്കരണ ക്ലാസുകൾ നടത്തും. സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ നേതൃത്വത്തിലായിരിക്കും ബോധവത്‌കരണം. തുടർന്ന് പരിശോധന ശക്തമാക്കും. വേണ്ടിവന്നാൽ അപകടത്തിൽ പെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത്‌ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. മോട്ടോർ വാഹനവകുപ്പിന്റെ പരിശീലന പരിപാടിയിൽ പങ്കെടുക്കാത്ത ഡ്രൈവർമാർ ആംബുലൻസ് ഓടിക്കുന്നതും വിലക്കും.

 കൊട്ടിയത്തെ അപകടത്തിൽ

ഡ്രൈവർ മദ്യലഹരിയിൽ


കൊട്ടിയത്ത് ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ ആംബുലൻസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കൊട്ടിയം പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് 5 ഓടെ കൊട്ടിയം ജംഗ്‌ഷനിലായിരുന്നു അപകടം. കൊല്ലം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ വിശാഖിനെ (26) കൊട്ടിയം പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹവുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ചവറ കൊറ്റൻകുളങ്ങരയിൽ നേരത്തെ ആംബുലൻസ് മറിഞ്ഞുണ്ടായ അപകടത്തിലും ഡ്രൈവർ ഇയാൾ തന്നെയായിരുന്നു.

 എന്താണ് ലോഗ് ബുക്ക്? ആംബുലൻസ് പുറപ്പെടുന്ന സ്ഥലം, എത്തിച്ചേരുന്ന ആശുപത്രി വിവരങ്ങൾ, രോഗിയുടെയോ കൂട്ടിരിപ്പുകാരുടെയോ ഫോൺ നമ്പർ, ആശുപത്രിയിലെ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തുന്നതാണ് ലോഗ് ബുക്ക്. അത്യാവശ്യ സാഹചര്യങ്ങളിൽ ആശുപത്രിയിലെത്തിയ ശേഷം ഇവ രേഖപ്പെടുത്തിയാൽ മതി. എന്നാൽ പരിശോധനയിൽ കൃത്യമായിരിക്കണം.  ആംബുലൻസുകൾ ശ്രദ്ധിക്കേണ്ടവ 1. ലോഗ് ബുക്ക് കരുതിയിരിക്കണം 2. വഴിയിൽ തടയില്ല, പകരം ഫോട്ടോയെടുത്ത് സ്ഥലവും സമയവും ദിശയും രേഖപ്പെടുത്തും 3. അനാവശ്യ സൈറൺ മുഴക്കരുത് 4. മൃതദേഹവുമായി പോകുമ്പോൾ നിർബന്ധമായും സൈറൺ ഓഫായിരിക്കണം 5. അനധികൃത ലൈറ്റുകൾ, ബുൾബാറുകൾ എന്നിവ പാടില്ല 6. എതിൽവശത്തുകൂടി കടന്നുപോകുമ്പോൾ അപകടമുണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം " ഒരാളുടെ ജീവൻ രക്ഷിക്കുന്നതുപോലെ തന്നെ പ്രധാനമാണ് മറ്റുള്ളവരുടെ സുരക്ഷയും. ജില്ലയിലെ 250 ആംബുലൻസ് ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നതിനുള്ള ക്രമീകരണം ആരംഭിച്ചു. ഇവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിലാണ് പരിശീലനം. എ.കെ. ദിലു, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ, കൊല്ലം