ചാത്തന്നൂർ: തുടർച്ചയായ രണ്ടാം ദിവസവും പരവൂരിൽ ആവേശത്തിരയിളക്കി ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാർ. ബി.ജെ.പി പരവൂർ നോർത്ത്, സൗത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ സ്വീകരണ പരിപാടികൾ.
രാവിലെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ നിന്നാണ് സ്വീകരണം ആരംഭിച്ചത്. ആവശ്യത്തിലധികം കെട്ടിടങ്ങളും സൗകര്യങ്ങളും ഉണ്ടായിട്ടും രാമറാവു ആശുപത്രിയിൽ അടിസ്ഥാന വികസനം നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന് എം.എൽ.എ വ്യക്തമാക്കണമെന്ന് ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു. അത്യാഹിതവിഭാഗത്തിൽ ഡോക്ടറെയും ആവശ്യത്തിന് സാങ്കേതിക വിദഗ്ദ്ധരെയും ഇനിയും നിയമിച്ചിട്ടില്ല. പാരിപ്പള്ളി മെഡിക്കൽ കോളജിന്റെയും കലയ്ക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും അവസ്ഥ ദയനീയമാണ്. സർക്കാർ ആശുപത്രികൾ ഇല്ലാതാക്കി സ്വകാര്യ ആശുപത്രികളെ സംരക്ഷിക്കുന്ന നിലപാടാണ് എം.എൽ.എ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ മേഖലയായ ചില്ലയ്ക്കൽ, തെക്കുംഭാഗം, വടക്കുംഭാഗം എന്നിവിടങ്ങളിൽ മുമ്പില്ലാത്ത വിധം ആവേശകരമായ സ്വീകരണമാണ് ഗോപകുമാറിന് ലഭിച്ചത്. പരകുളം, പാറയിൽക്കാവ്, പുക്കുളം, ദയാബ്ജി ജംഗ്ഷൻ, കോട്ടമൂല, പുതിയിടം, പൊഴിക്കര, ആറ്റിൻപുറം എന്നിവിടങ്ങളിലെത്തി രാത്രിയോടെ പരവൂർ ജംഗ്ഷനിൽ പരിപാടികൾ സമാപിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കിഴക്കനേല സുധാകരൻ, ജില്ലാ സെക്രട്ടറി പരവൂർ സുനിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനീഷ്, പൂയപ്പള്ളി അനിൽ, ഐശ്വര്യ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സിന്ധു, മണ്ഡലം വൈസ് പ്രസിഡന്റ് വിജയകുമാരനാശാൻ, ട്രഷറർ പ്രദീപ്, മുനിസിപ്പൽ കൗൺസിലർമാരായ സിന്ധു, ഷീല, അനീഷ, സ്വർണമ്മ, മഞ്ജു, മോഹനൻ, ഉദയകുമാർ, ജഗദീഷ്, സുനിലാൽ, എച്ച്. അനിൽകുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.