naseer

ചടയമംഗലം: ചിതറയ്ക്കടുത്ത് സംബ്രമം പള്ളി ജംഗ്ഷൻ. യു.ഡി.എഫ് നേതാക്കളുടെ വലിയൊരു നില സ്ഥാനാർത്ഥി എം.എം. നസീറിന് സ്വീകരണമൊരുക്കുന്ന തിരക്കിലാണ്. ഉച്ചയ്ക്ക് ഒന്നോടെ ത്രിവർണ പതാക ചുറ്റിയ നിരവധി ബൈക്കുകളുടെയും വാഹങ്ങളുടെയും അകമ്പടിയോടെ സ്വീകരണ സ്ഥലത്തേയ്ക്ക് എം.എം.നസീറെത്തി.

പടക്കം പൊട്ടിച്ചും ആർപ്പുവിളിച്ചും സ്ഥാനാർത്ഥിക്ക് ഗംഭീര സ്വീകരണം. നസീറിനെ സ്വീകരിക്കാൻ ജനങ്ങൾക്കിടയിലും മത്സരം. കുട്ടികൾ പൂക്കൾ കൊടുത്തും മുത്തം കൊടുത്തും സ്‌നേഹോഷ്മളമാക്കി.
നസീർ പ്രസംഗിച്ച് തുടങ്ങി. ഞാനീ നാട്ടുകാരനാണ്. നിങ്ങളേപ്പോലെ സാധാരണക്കാരൻ. ഈ നാടിന്റെ ദുരിതങ്ങളും ദുഃഖങ്ങളും എനിക്കറിയാം. മന്ത്രിമാരൊക്കെ ഈ മണ്ഡലത്തിലുണ്ടായിട്ടും ഒരു താലൂക്ക് ആശുപത്രി പോലും വന്നില്ല. പിന്നെന്താണ് ഇവർ പറയുന്ന വികസനം.

കുടിവെള്ളം നാട്ടിൽ കിട്ടാക്കനിയാണ്. നിങ്ങൾ എന്നെ വിജയിപ്പിച്ചാൽ നിങ്ങൾക്കൊപ്പം ഈ നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഞാൻ ഒപ്പമുണ്ടാവും. നിറഞ്ഞ് കൈയടിയോടെയാണ് ജനം പ്രസംഗം കേട്ടത്. എല്ലാവരെയും തൊഴുത് വിനയാന്വിതനായി തുറന്ന വാഹനത്തിലേറി അടുത്ത സ്വീകരണ സ്ഥലത്തേയ്ക്ക് കുതിച്ചു. റോഡരികുകളിൽ നൂറ് കണക്കിനാളുകൾ കാത്തു നിൽക്കുന്നു. വീട്ടമ്മമാരും നാട്ടുകാരും കൈ വീശി പറയുന്നു, വോട്ട് തരും ഉറപ്പ്.

 ജനം പറയുന്നു, യു.ഡി.എഫ്

അനൗൺസ്മെന്റ് വാഹനം മുന്നോട്ട് കുതിച്ചു. ഇന്നാട്ടിലെ സാധാരണക്കാരൻ, എളിമയുടെ, നന്മയുടെ പ്രതീകം. ഇതാ ഈ വാഹനത്തിന് തൊട്ടുപിന്നാലെ... അനുഗ്രഹിക്കൂ.. ആശിർവദിക്കൂ... ഇക്കുറി ചടയമംഗലം തിരിച്ചുപിടിക്കും. ജനം ആവേശത്തോടെ യു.ഡി.എഫ് വരണമെന്ന് പറയുന്നു. ഇടതുഭരണം ജനത്തിന് മടുത്തു എം.എം. നസീർ പറയുന്നു.