
ചിതറ: കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളിലൂടെ ചടയമംഗലത്തെ വോട്ടർമാരെ കൈയിലെടുക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി വിഷ്ണു പട്ടത്താനം. ചിതറ പഞ്ചായത്തിലായിരുന്നു ഇന്നലെ വിഷ്ണുവിന് സ്വീകരണം. ഉച്ചയ്ക്ക് 12 ഓടെ ചല്ലിമുക്കിലേയ്ക്ക് തുറന്ന ജീപ്പിൽ വിഷ്ണുവെത്തി. താമര പുതപ്പിച്ച ബൈക്കുകളും ബാന്റുമേളവും മുഴക്കി നൂറ് കണക്കിന് പ്രവർത്തകർ ചല്ലിമുക്കിൽ കാത്തുനിന്നു. ഉത്സവ പ്രതീതിയിലായിരുന്നു സ്വീകരണം. സ്ത്രീകളും യുവതീ - യുവാക്കളുമടങ്ങുന്ന വലിയൊരു നിര തടിച്ചുകൂടിയിരുന്നു.
മറുപടി പ്രസംഗത്തിൽ വിഷ്ണു കത്തിക്കയറി, മന്ത്രിയുണ്ടായിരുന്ന മണ്ഡലമായിരുന്നല്ലോ ചടയമംഗലം. ഒരു താലൂക്ക് ആശുപത്രിയെങ്കിലും ഇവിടുണ്ടോ. ഈ നാട്ടുകാർക്ക് നിങ്ങൾ എന്ത് ചെയ്തു കൊടുത്തു. പനി വന്നാൽ പോലും ചികിത്സസ തേടി കൊട്ടാരക്കരയിൽ പോകണം. നാട്ടുകാരെ പറ്റിച്ചുള്ള ഇടത് മുന്നണിയുടെ പോക്ക് അധികനാൾ നില നിൽക്കില്ല. പൊതുജനം എല്ലാം മനസിലാക്കുന്നുണ്ട്. സാധാരണക്കാരുടെ പ്രശ്‌നങ്ങളറിയാത്ത സഖാക്കൾ ഇനി ചടയമംഗലത്ത് ഉണ്ടാവില്ല. മേയ് 2ന് അതറിയാം. വലിയ കൈയടിയാണ് പ്രസംഗത്തിന് കിട്ടിയത്. തുടർന്ന് പ്രവർത്തകർക്കൊപ്പം വിഷ്ണു കടകളിൽ കയറി വോട്ട് ചോദിച്ചു. പിന്നീട് അടുത്ത സ്വീകരണ സ്ഥലത്തേയ്ക്ക്.
മുഴങ്ങട്ടെ മാറ്റത്തിന്റെ ഇടിനാദം
നാടിന്റെ ഇന്നലെകൾ മാറ്റിമറിക്കാൻ വിഷ്ണു പട്ടത്താനത്തെ വിജയിപ്പിക്കുക. നാടിന്റെ വികസനം വെറും വാക്കിലൊതുങ്ങാതെ കാക്കാൻ, നരേന്ദ്രമോദിയുടെ പരിഷ്‌കാരങ്ങൾ സാധാരണക്കാരിലെത്തിക്കാൻ വിഷ്ണു പട്ടത്താനത്തെ വിജയിപ്പിക്കുക... അനൗൺസ്മെന്റ് വാഹനങ്ങളിൽ നിന്നുള്ള ശബ്ദം നാടാകെ മുഴങ്ങുകയാണ്.