കരുനാഗപ്പള്ളി : ഭരണഘടനാ സ്ഥാപനങ്ങളെ സ്വാധീനിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പരിശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.രാമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ക്ലാപ്പന കുറ്റിയിടത്ത് ജംഗ്ഷനിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിലൂടെ ജനാധിപത്യത്തെ ബോധപൂർവം അട്ടിമറിക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇത് ശക്തമായി എതിർക്കപ്പെടേണ്ട കാര്യമാണ് വിത്തും വിളയും വിപണിയും എല്ലാം കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ് കേന്ദ്രസർക്കാർ. ഇവിടെയാണ് ബി.ജെ.പി സർക്കാരിന് ബദലായി കേരളത്തിൽ ജനകീയ സർക്കാർ നില കൊള്ളുന്നത്. പി .ആർ .വസന്തൻ യോഗത്തിൽ അദ്ധ്യക്ഷനായി. ആർ .സോമൻപിള്ള, കെ. പ്രകാശ് ബാബു, സൂസൻകോടി, എൽ .ഡി .എഫ് .സ്ഥാനാർത്ഥി ആർ .രാമചന്ദ്രൻ , പി .കെ. ബാലചന്ദ്രൻ, പി .ബി .സത്യദേവൻ, കെ .പി .സജിനാഥ്, ശിവശങ്കരൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.