vaccine

ഓച്ചിറ: സാമൂഹിക ആരോഗ്യ കേന്ദ്രം ആവിഷ്കരിച്ച പുനർജനി കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ഓച്ചിറ ഗ്രാമപഞ്ചായത്തിലെ വൃദ്ധസദനങ്ങളായ മാർത്തോമാ വൃദ്ധസദനം വവ്വാക്കാവ്, സായിശം വൃദ്ധസദനം ചങ്ങംകുളങ്ങര , ഓച്ചിറ ക്ഷേത്രത്തിലെ അഗതിമന്ദിരം എന്നിവിടങ്ങളിലെ മുഴുവൻ വൃദ്ധജനങ്ങൾക്കും കൊവിഡ് ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയായി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.സുനിൽകുമാർ അറിയിച്ചു. കൊവിഡ് പോർട്ടൽ വഴി രജിസ്ട്രേഷൻ ചെയ്യാൻ കഴിയാത്ത വൃദ്ധജനങ്ങൾക്ക് സ്പോട്ട് രജിസ്ട്രേഷൻ സാദ്ധ്യമാക്കി വാക്സിൻ നൽകുന്ന പദ്ധതിയാണ് പുനർജനി. അംഗീകൃത തിരിച്ചറിയൽ രേഖ ഇല്ലാത്തവർക്ക് ഡി.എം.ഒ ഓഫീസുമായി ബന്ധപ്പെട്ട് പ്രത്യേക പെർമിഷൻ വാങ്ങിയാണ് വാക്സിനേഷൻ നൽകിയത്. രണ്ടാമത്തെ ഡോസിന് ശേഷം വാക്സിനേഷന്റെ വിവരങ്ങൾ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഗ്രാമപഞ്ചായത്തിലെ 60 ന് മുകളിൽ പ്രായമുള്ളവരിൽ 75ശതമാനം പേർക്കും ഈ പ്രോഗ്രാം വഴി വാക്സിൻ നൽകി കഴിഞ്ഞു. 45-59 പ്രായപരിധിയിൽ ഉള്ളവരിൽ പ്രതിരോധശേഷി കുറഞ്ഞവർക്ക് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് അടിസ്ഥാനത്തിലും വാക്സിനേഷൻ നൽകി വരുന്നു. പോളിംഗ് ഉദ്യോഗസ്ഥർ, ഹെൽത്ത് കെയർ വർക്കേഴ്സ് ഉൾപ്പടെ ഏഴായിരത്തോളം പേർക്ക് വാക്സിൻ ഇതുവരെയായി നൽകി . ക്യാമ്പിന് ഡോ. ഷഹന , ഹെൽത്ത് ഇൻസ്പെക്ടർ പി. സി . മധുകുമാർ, പി. എച്ച്. എൻ. എസ് മിനിമോൾ, സ്റ്റാഫ് നഴ്സ് സിന്ധു , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹരികുമാർ ജി, ജൂനിയർ പി. എച്ച്. എൻ സ്മിത എന്നിവർ നേതൃത്വം നൽകി.