karat

കൊല്ലം: സംസ്ഥാന സർക്കാരിനെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിന് കേന്ദ്രം കനത്ത വില നൽകേണ്ടിവരുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സി.ബി.ഐ, ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് ഭരണാഘടനാ, ജനാധിപത്യ വിരുദ്ധമാണ്. കൊല്ലം പ്രസ്‌ ക്ലബിന്റെ 'കേരളീയം 2021' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ നടപടികൾക്ക് ചുക്കാൻ പിടിക്കുന്നത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. രാജ്യസഭയിലേക്കുള്ള മൂന്ന് ഒഴിവുകളിൽ ഏപ്രിൽ 12ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി ഭരണഘടനാ സ്ഥാപനത്തിൻമേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനയുടെ 324​-ാം അനുച്ഛേദം അനുവദിച്ചിട്ടുള്ള അധികാരം കവരുകയാണ് കേന്ദ്രം. 2016ൽ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തിയത് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാണ്. രാജ്യസഭാംഗങ്ങളുടെ കാലാവധി അവസാനിക്കും മുമ്പ് ഒഴിവ് നികത്തണമെന്നാണ് നിയമം.

ശബരിമല തിരഞ്ഞെടുപ്പ് വിഷയമേയല്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാരാട്ട് പറഞ്ഞു.