
കൊട്ടാരക്കര: ദുരന്തമുഖങ്ങളിൽ പോലും സർക്കാരിനെ പിന്തുണയ്ക്കാത്ത പ്രതിപക്ഷം ഉയർത്തുന്ന വെറുമൊരു വിവാദമാണ് ആഴക്കടൽ മത്സ്യബന്ധന കരാറെന്ന് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നെടുമൺകാവിൽ നടന്ന കെ.എൻ. ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റൊന്നും പറയാനില്ലാത്തതുകൊണ്ട് വ്യാജ പ്രചാരണം അഴിച്ചുവിടുകയാണ്. സി.പി.എമ്മിന് ദേശീയതലത്തിൽ ഒരു നയമുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള ഒരു ഭരണകൂടത്തിനും ഇതിൽ നിന്ന് വ്യതിചലിക്കാനാവില്ല. നയരൂപീകരണം നടത്തുന്നത് പിണറായി വിജയൻകൂടി അംഗമായ കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യൂറോയുമാണ്. ഇത് മനസിലാക്കാതെയാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ. മത്സ്യത്തൊഴിലാളികളെ ചേർത്തുപിടിച്ച സർക്കാരാണിത്. ഓഖി സമയത്തും കൊവിഡ് കാലത്തും അവരത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
കെ.എൻ. ബാലഗോപാൽ, ഐഷാ പോറ്റി എം.എൽ.എ, മുല്ലക്കര രത്‌നാകരൻ എം.എൽ.എ, ജോർജ് മാത്യു, മന്മഥൻ നായർ, പി.എ. എബ്രഹാം, പി. തങ്കപ്പൻ പിള്ള, പി.കെ. ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.