ബാബു ദിവാകരന്റെ സ്വീകരണ പരിപാടി ഇന്ന് മുതൽ
കൊല്ലം: 'ദിവാകരേട്ടന്റെ മകനല്ലാതെ മറ്റാർക്കാണ് വോട്ട് നൽകുക.' ഇരവിപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ബാബു ദിവാകരന്റെ വോട്ടഭ്യർത്ഥിച്ച് ചെന്ന വീട്ടിലെ കാരണവരുടെ വാക്കുകളാണിത്. ഒപ്പം നിന്ന് സെൽഫിയെടുത്തും കുട്ടികളിൽ ചിലർ മിഠായി നൽകിയും പ്രായമായവർ നെറുകയിൽ കൈവച്ച് അനുഗ്രഹിച്ചുമൊക്കെ ടി.കെ. ദിവാകരന്റെ മകനോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ മത്സരിക്കുകയായിരുന്നു നാട്ടുകാർ.
ഇരവിപുരം ഗോപാലശേരി, കലാവേദി, താന്നി, കാരിത്താസ് കോളനി, ഫിഷർമെൻ കോളനികൾ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പര്യടനം. വീടുകൾ കയറിയിറങ്ങി ഓരോ വോട്ടും ഉറപ്പിച്ച ശേഷമാണ് അടുത്ത വീട്ടിലേക്കുള്ള യാത്ര.
ഇന്ന് മുതൽ സ്വീകരണ പരിപാടികൾ ആരംഭിക്കും. ഇരവിപുരം, കൊല്ലൂർവിള മണ്ഡലം കമ്മിറ്റികളുടെ സ്വീകരണ പരിപാടി വൈകിട്ട് 3ന് യു.ഡി.ഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യും. മാടൻനടയിൽ നിന്നാരംഭിക്കുന്ന സ്വീകരണം രാത്രി 10ന് കൂട്ടിക്കടയിൽ സമാപിക്കും.